ഇംഗ്ലണ്ടിന്റെ സഹ പരിശീലകനായ പോള്‍ ഫാര്‍ബ്രേസ് ഈ വിന്‍ഡീസ് ടൂറിനു ശേഷം ടീമിലെ സ്ഥാനം ഒഴിയുമെന്ന് അറിയിച്ചു. വാര്‍വിക‍്‍ഷയര്‍ കൗണ്ടിയുടെ സ്പോര്‍ട്സ് ഡയറക്ടര്‍ എന്ന പദവി ഏറ്റെടുക്കുവാന്‍ പോള്‍ ഒരുങ്ങുന്നുവെന്നാണ് ലഭ്യമാകുന്ന വാര്‍ത്ത. 2014ല്‍ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേര്‍ന്ന പോള്‍ ട്രെവര്‍ ബെയിലിസ് സ്ഥാനമൊഴിയുമ്പോള്‍ കോച്ചിന്റെ പദവിയിലേക്ക് എത്തുമെന്ന പ്രതീക്ഷിച്ച വ്യക്തിയാണ്.
ആഷ്‍ലി ജൈല്‍സ് ഇംഗ്ലണ്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തപ്പോളാണ് വാര്‍വിക്ക്ഷയറില്‍ സ്പോര്‍ട്സ് ഡയറക്ടര്‍ പദവിയില്‍ ഒഴിവുണ്ടായത്. ശ്രീലങ്കയെ 2014ല്‍ പ്രഥമ ലോക ടി20 കിരീടം നേടിക്കൊടുത്ത ശേഷമാണ് ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകുവാന്‍ പോള്‍ ഫാര്‍ബ്രേസ് എത്തുന്നത്.
നാട്ടില്‍ ലോകകപ്പ് എത്തുവാനിരിക്കെ താരത്തിന്റെ സ്ഥാനം ഒഴിയല്‍ ഞെട്ടിക്കുന്ന തീരുമാനം എന്ന് വേണം വിശേഷിപ്പിക്കുവാന്‍. 2015 ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷം ഫാര്‍ബ്രേസിന്റെ കര്‍ക്കശമായ ഇടപെടലുകളാണ് ഇംഗ്ലണ്ട് ടീമിനെ ഒന്നാം നമ്പര്‍ ഏകദിന ടീമായി ഉയര്‍ത്തിക്കൊണ്ടുവന്നത്.