ലങ്കൻ പ്രീമിയർ ലീഗ് (എൽപിഎൽ) ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന റെക്കോർഡ് ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മതീശ പതിരണയ്ക്ക്. ഇന്ന് നടന്ന ഓക്ഷനിൽ പതിരണയെ 120,000 യുഎസ് ഡോളറിനാണ് വിൽക്കപ്പെട്ടത്. ഏകദേശം ഒരു കോടി രൂപയാണ് ഇത്. ഐ പി എല്ലിൽ താരത്തെ 20 ലക്ഷത്തിനായിരുന്നു ചെന്നൈ പതിരണയെ സ്വന്തമാക്കിയത്.
ഇന്ന് മതീഷ പതിരാണ തൻ്റെ അടിസ്ഥാന വിലയായ 50,000 ഡോളറിന് ആണ് ലേലത്തിൽ പ്രവേശിച്ചത്. ഗാലെ മാർവെൽസ് ആണ് 120,000 ഡോളർ നൽകി താരത്തെ വാങ്ങിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പതിരണക്ക് ലഭിച്ച വിലയേക്കാൾ അഞ്ചിരട്ടിയാണ് ഈ വില.
ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ 2022ൽ ന്യൂസിലൻഡിൻ്റെ ആദം മിൽനെക്ക് പകരക്കാരനായാണ് 20 ലക്ഷം രൂപയ്ക്ക് സിഎസ്‌കെയിൽ എത്തിയത്. 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് വീഴ്ത്തി 2023ൽ സിഎസ്‌കെയുടെ കിരീട നേട്ടത്തിൽ ശ്രീലങ്കൻ പേസർ നിർണായക പങ്ക് വഹിച്ചിരുന്നു. ഈ സീസണിൽ സൂപ്പർ കിംഗ്സിനായി പതിരണ 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയിരുന്നു.