സിഡ്നിയില്‍ വില്‍ പുകോവസ്കിയുടെ രണ്ട് ക്യാച്ചുകളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈവിട്ടത്. 22ാം ഓവറില്‍ രവിചന്ദ്രന്‍ അശ്വിന്‍ സൃഷ്ടിച്ച അവസരം താരം കൈവിട്ടപ്പോള്‍ വില്‍ പുകോവസ്കി വെറും 26 റണ്‍സിലായിരുന്നു. മുഹമ്മദ് സിറാജിന്റെ ഓവറില്‍ ശ്രമകരമായ അവസരം പന്ത് കൈവിട്ടപ്പോള്‍ പുകോവസ്കി 32 റണ്‍സിലായിരുന്നു. പിന്നീട് പുകോവസ്കി 62 റണ്‍സ് നേടിയ ശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്.
പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിലെ കോച്ച് കൂടിയായ മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് പറയുന്നത് താരം തന്റെ കീപ്പിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു. ഇന്ന് പന്ത് നല്‍കിയ അവസരങ്ങള്‍ പുകോവസ്കി വളരെ വലിയ സ്കോറിലേക്ക് മാറ്റാത്തതില്‍ പന്തിന് ആശ്വസിക്കാമെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ശേഷം ഋഷഭ് പന്ത് കൈവിട്ട ക്യാച്ചുകളുടെ അത്രയും ലോക ക്രിക്കറ്റില്‍ മറ്റാരും തന്നെ കൈവിട്ട് കാണില്ല എന്നും പോണ്ടിംഗ് പറഞ്ഞു.
പന്തിനെതിരെ ചോദ്യം ഉയരുക അദ്ദേഹത്തിന്റെ കീപ്പിംഗിനെക്കുറിച്ചായിരിക്കുമെന്ന് പണ്ടും താന്‍ പറഞ്ഞിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് താരം അത് ശരിയാക്കേണ്ടതുണ്ടെന്നും മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ വ്യക്തമാക്കി.