ശ്രീലങ്കക്കെതിരെയുള്ള നടക്കാനിരിക്കുന്ന പരമ്പര നിഷ്പക്ഷ വേദിയിലേക്ക് മാറ്റില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് പത്തോളം ശ്രീലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുകയും കൂടാതെ പരമ്പരക്ക് തീവ്രവാദ ഭീഷണി ഉണ്ടെന്ന വാർത്തകളും വരുന്നതിനിടയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരമ്പര നിഷ്പക്ഷ വേദിയിലേക്ക് മാറ്റില്ലെന്ന് അറിയിച്ചത്.
ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ലഭിച്ച സന്ദേശത്തിൽ പരമ്പരക്ക് തീവ്രവാദ ഭീഷണി ഉണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ശ്രീലങ്ക പരമ്പരയുടെ കാര്യം പുനഃപരിശോധിക്കാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. വർഷങ്ങളായി പാകിസ്ഥാനിൽ നിന്ന് മുടങ്ങി കിടക്കുന്ന ഇന്റർനാഷൻ ക്രിക്കറ്റ് പാകിസ്താനിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.
സെപ്റ്റംബർ 27ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ശ്രീലങ്ക പാകിസ്ഥാൻ പര്യടനത്തിൽ കളിക്കാൻ ഉദ്ദേശിച്ചിരുന്നത്. 2009ലെ ശ്രീലങ്കൻ ടീമിനെതിരെ പാക്കിസ്ഥാനിൽ വെച്ച് നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ അന്തർദേശീയ മത്സരങ്ങൾ നടക്കാറില്ല.