ഐ സി സി റാങ്കിംഗ് പോയിന്റ് നിലയിൽ പാകിസ്താനെ ഇന്ത്യ മറികടന്നു. ഇന്നലെ നടന്ന ഏഷ്യാ കപ്പ് സൂപ്പർ 4 പോരാട്ടത്തിൽ പാകിസ്താൻ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താൻ പിറകോട്ട് പോയത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന പാകിസ്താൻ റേറ്റിംഗിൽ ഒരു പോയിന്റ് പിറകിൽ വന്നു. 116ൽ നിന്ന് പാകിസ്താൻ 115ൽ ആയി. ഇതോടെ അവർ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.
116 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. ഏഷ്യാ കപ്പ് തുടങ്ങുമ്പോൾ പാകിസ്താൻ ആയിരുന്നു ലോക റാങ്കിംഗിൽ ഒന്നാമത്. ഇപ്പോൾ 118 റേറ്റിംഗ് പോയിന്റുള്ള ഓസ്ട്രേലിയ ആണ് ഒന്നാമത്. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവസാന രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ഇന്ത്യ ഏഷ്യാ കപ്പ് ഫൈനൽ ജയിക്കുകയും ചെയ്താൽ ഇന്ത്യ റാങ്കിംഗിൽ ഒന്നാമത് എത്തും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഒരു പരമ്പരയും വരാനുണ്ട്.