റെക്കോർഡ് തകർത്ത ഒറ്റയാൾ പോരാട്ടവുമായി ഫകർ സമാൻ, പാകിസ്ഥാൻ പൊരുതി വീണു

20210404 220228

പാകിസ്ഥാൻ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 17 റൺസിന് ആണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 342 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താന് 324 റൺസ് എടുക്കാൻ മാത്രമെ ആയുള്ളൂ. 193 റൺസ് എടുത്ത് ഒറ്റയാൾ പോരാട്ടം നടത്തിയ ഒപ്പണർ ഫകർ സമാന്റെ ഇന്നിങ്സ് ആണ് പാകിസ്ഥാനെ പൊരുതാൻ സഹായിച്ചത്‌.

155 പന്തിൽ 193 റൺസ് എടുത്ത സമാൻ റണ്ണൗട്ട് ആവുക ആയിരുന്നു. 10 സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു സമാന്റെ ഇന്നിങ്സ്. ഏകദിനത്തിൽ രണ്ടാം ഇന്നിങ്സിലെ ഏറ്റവും ഉയർന്ന വ്യക്തിതഗത സ്കോറായി സമനറ്റെ 193 മാറി. ഓസ്ട്രേലിയൻ താരം ഷെയിൻ വാട്സന്റെ 185 റൺസ് എന്ന റെക്കോർഡ് ആണ് പഴങ്കഥ ആയത്. പാകിസ്ഥാൻ നിരയിൽ 33 എടുത്ത ബാബർ അസം മാത്രമാണ് കുറച്ചെങ്കിലും സമാനെ പിന്തുണച്ചത്. 9 വിക്കറ്റ് നഷ്ടത്തിലാണ് 324 റൺസ് പാകിസ്താൻ എടുത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27 പന്തിൽ 50 റൺസ് എടുത്ത മില്ലറിന്റെയും 37 പന്തിൽ 60 റൺസ് എടുത്ത വാൻ ഡെർ സന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് വലിയ സ്കോറിലേക്ക് എത്തിയത്. 92 റൺസ് എടുത്ത ബവുമയും 80 റൺസ് എടുത്ത ഡി കോക്കും നല്ല തുടക്കവും ദക്ഷിണാഫ്രിക്കക്ക് നൽകിയിരുന്നു.