ത്രിരാഷ്ട്ര പരമ്പര വിജയത്തോടെ തുടങ്ങി പാക്കിസ്ഥാന്‍

ആതിഥേയരായ സിംബാബ്‍വേയ്ക്കെതിരെ 74 റണ്‍സിന്റെ വിജയം സ്വന്തമാക്കി ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഗംഭീര തുടക്കുവമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 182 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേ 17.5 ഓവറില്‍ 108 റണ്‍സിനു ഓള്‍ഔട്ട് ആയി. ആസിഫ് അലിയാണ് കളിയിലെ താരം.

21 പന്തില്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്ന ആസിഫ് അലി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയപ്പോള്‍ ഫകുര്‍ സമന്‍(61) ഷൊയ്ബ് മാലിക്(37*) എന്നിവരും തിളങ്ങി. ഫകര്‍ സമന്‍ പുറത്താകുമ്പോള്‍ 14.4 ഓവറില്‍ പാക്കിസ്ഥാന്‍ 120 റണ്‍സാണ് നേടിയത്.

അഞ്ചാം വിക്കറ്റില്‍ മാലിക്-ആസിഫ് കൂട്ടുകെട്ട് പുറത്താകാതെ 62 റണ്‍സാണ് നേടിയത്. സിംബാബ്‍വേയ്ക്കായി ടെണ്ടായി ചിസോരോ രണ്ടും കൈല്‍ ജാര്‍വിസ്, ചാമു ചിബാബ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്കെതിരെ പാക് ബൗളര്‍മാരായ മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാന്‍, ഹസന്‍ അലി, മുഹമ്മദ് ഹഫീസ് എന്നിവര്‍ രണ്ടും ഷദബ് ഖാന്‍ ഒരു വിക്കറ്റും നേടി. 43 റണ്‍സ് നേടിയ തരിസായി മുസ്കാന്‍ഡയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial