ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ഹോം പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സുപ്രധാനമായ നേതൃമാറ്റം പ്രഖ്യാപിച്ചു. ഷഹീൻ അഫ്രീദിയെ പാകിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. 20 മത്സരങ്ങളിൽ 9 വിജയവും 11 തോൽവിയും എന്ന സമ്മിശ്ര റെക്കോർഡുണ്ടായിരുന്ന മുഹമ്മദ് റിസ്വാനെ മാറ്റിയാണ് ഷഹീൻ അഫ്രീദിയെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്.

പിസിബി ഉദ്യോഗസ്ഥരും, മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സനും, സെലക്ഷൻ കമ്മിറ്റിയും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം അന്തിമമാക്കിയത്. 25 വയസ്സുള്ള ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ അഫ്രീദി, പരിമിത ഓവർ ക്രിക്കറ്റിൽ 249 വിക്കറ്റുകൾ നേടി പാകിസ്ഥാന്റെ പ്രധാന മാച്ച് വിന്നർമാരിൽ ഒരാളാണ്.
2025-ന്റെ തുടക്കത്തിൽ ടി20 നേതൃസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഷഹീൻ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്നതിനെയാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്. നവംബർ 4-ന് ഫൈസലാബാദിലെ ഇഖ്ബാൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയോടെ അഫ്രീദിയുടെ ക്യാപ്റ്റൻസി ആരംഭിക്കും.