ഓപ്പണിംഗ് കസറി, ഫര്‍ഹാന് ശതകം, പാക്കിസ്ഥാന് 212 റൺസ്

ശ്രീലങ്കയ്ക്കെതിരെ നിര്‍ണ്ണായകമായ ഐസിസി ടി20 സൂപ്പര്‍ 8 മത്സരത്തിൽ 212/8 എന്ന മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. വിജയത്തിനായി മികച്ച മാര്‍ജ്ജിനില്‍ ജയം വേണ്ട പാക്കിസ്ഥാന് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് വലിയ സ്കോറിലേക്ക് ടീമിനെ നയിച്ചത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായതാണ് പാക്കിസ്ഥാന് 240ന് മേലെയുള്ള സ്കോര്‍ നേടുന്നതിന് തടസ്സമായത്. 148 റൺസിന് താഴെ ശ്രീലങ്കയെ ഒതുക്കിയാൽ പാക്കിസ്ഥാന് സെമി സ്ഥാനം ഉറപ്പാക്കാം. അതിന് മേലെയുള്ള സ്കോര്‍ ശ്രീലങ്ക നേടിയാൽ ഇംഗ്ലണ്ടിനൊപ്പം സെമിയിലെത്തുക ന്യൂസിലാണ്ടാകും.

സാഹിബ്സാദ ഫര്‍ഹാനും ഫകര്‍ സമനും ബാറ്റ് വീശിയപ്പോള്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ നിലയുറപ്പിക്കുവാന്‍ പാടുപെടുന്നതാണ് കണ്ടത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 64 റൺസ് നേടിയ പാക്കിസ്ഥാന്‍ പത്തോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 റൺസാണ് നേടിയത്.
ഫര്‍ഹാന്‍ 32 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഫകര്‍ സമന്‍ 27 പന്തിൽ നിന്നാണ് ഈ നേട്ടം നേടിയത്. 42 പന്തിൽ നിന്ന് 84 റൺസ് റൺസ് നേടിയ ഫകര്‍ സമനെ ദുഷ്മന്ത ചമീര പുറത്താക്കി പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 176 റൺസാണുണ്ടായിരുന്നത്.
തൊട്ടടുത്ത ഓവറിൽ പാക്കിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടമായി. ഷദബ് ഖാനും മൊഹമ്മദ് നവാസും അഗ സൽമാനും വേഗത്തിൽ പുറത്തായപ്പോള്‍ പാക്കിസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഇതിനിടെ 59 പന്തിൽ നിന്ന് ഷാഹിബ്സാദ ഫര്‍ഹാന്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 176/0 എന്ന നിലയിൽ നിന്ന് 199/5 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാന്‍ അവസാന ഓവറുകളിൽ തങ്ങളുടെ മേൽക്കൈ നഷ്ടപ്പെടുത്തുന്നതാണ് കണ്ടത്.
അവസാന ഓവറിലെ ആദ്യ പന്തിൽ ദിൽഷന്‍ മധുശങ്കയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ സാഹിബ്സാദ ഫര്‍ഹാന്‍ 60 പന്തിൽ നിന്ന് 9 ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 100 റൺസാണ് നേടിയത്.
ഒടുവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ദിൽഷന്‍ മധുശങ്ക മൂന്നും ദസുന്‍ ഷനക 2 വിക്കറ്റും നേടി.