ലോകമെമ്പാടുമുള്ള കായിക ഇനങ്ങള്‍ കൊറോണ ഭീതിയില്‍ ഒഴിവാക്കപ്പെടുമ്പോള്‍ ക്രിക്കറ്റിലും സമാനമായ ഒരു സാഹചര്യം ഉടലെടുക്കുകയായിരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക, ശ്രീലങ്ക-ഇംഗ്ലണ്ട്, ഓസ്ട്രേലിയ-ന്യൂസിലാണ്ട് പരമ്പരകള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കപ്പെട്ടുവെങ്കിലും പാക്കിസ്ഥാനിലേക്ക് ബംഗ്ലാദേശ് ഏക ഏകദിനത്തിനും ടെസ്റ്റിനും വരുന്നത് ഇതുവരെ ഉപേക്ഷിക്കപ്പെട്ടിട്ടില്ല.
മത്സരം നടക്കുന്ന കറാച്ചിയില്‍ മാത്രം 16 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ ബോര്‍ഡില്‍ നിന്ന് അന്തിമ തീരുമാനം(പരമ്പര ഉപേക്ഷിക്കുന്നു) എന്ന വാര്‍ത്ത കേള്‍ക്കാനായാണ് തങ്ങള്‍ കാത്തിരിക്കുന്നതാണ് ബംഗ്ലാദേശ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്.
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇതില്‍ വ്യക്തത വരുമെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ അഭിപ്രായപ്പെട്ടത്. ബംഗ്ലാദേശ് ബോര്‍ഡിന് ഈ സാഹചര്യത്തില്‍ പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ വലിയ താല്പര്യമില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ തങ്ങളില്ലെന്നും ആതിഥേയരെന്ന നിലയില്‍ പാക്കിസ്ഥാനാണ് ഇതിന്മേല്‍ ഒരു തീരുമാനം എടുക്കേണ്ടതെന്നുമാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ സമീപനം.