പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് പൊരുതി നേടിയ സമനില. നാലാം വിക്കറ്റില്‍ ട്രാവിസ് ഹെഡുമായും പിന്നീട് ടിം പെയിനുമായി പൊരുതിയ ഉസ്മാന്‍ ഖ്വാജയുടെ ബാറ്റിംഗ് പ്രകടനമാണ് സമനില പിടിക്കുവാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്. അഞ്ചാം ദിവസം ദുബായിയിലെ സ്പിന്‍ സൗഹൃദ പിച്ചില്‍ ഓള്‍ഔട്ട് ആകാതെ പിടിച്ചു നിന്നതില്‍ ആദ്യ സെഷനില്‍ പിടിച്ച് നിന്ന ഉസ്മാന്‍ ഖ്വാജ-ട്രാവിസ് ഹെഡ് കൂട്ടുകെട്ടും ചെറുത്ത് നില്പ് നടത്തിയ ടിം പെയിനും പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു.
87/3 എന്ന സ്കോറിനു ഒത്തുകൂടിയ ഓസ്ട്രേലിയന്‍ നാലാം വിക്കറ്റ് കൂട്ടുകെട്ട് 132 റണ്‍സാണ് നേടിയത്. 72 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കി മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാനു ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം മാര്‍നസ് ലാബൂഷാനെയെയും ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ മറ്റൊരു തകര്‍ച്ച ഓസ്ട്രേലിയ മുന്നില്‍ കാണുകയായിാരുന്നു.
എന്നാല്‍ ഉസ്മാന്‍ ഖ്വാജ ക്യാപ്റ്റന്‍ ടിം പെയിനുമായി ചേര്‍ന്ന് മത്സരത്തില്‍ ഏറെ നിര്‍ണ്ണായകമായ ആറാം വിക്കറ്റ് കൂട്ടുകെട്ട് പുറത്തെടുത്ത് ടീമിനെ മുന്നോട്ട് നയിച്ചു. 141 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയെ വിക്കറ്റിനു മുന്നില്‍ കുടുക്കി യസീര്‍ ഷാ വീണ്ടും പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 79 റണ്‍സാണ് ആറാം വിക്കറ്റില്‍ ഖ്വാജയും പെയിനും ചേര്‍ന്ന് നേടിയത്.
മിച്ചല്‍ സ്റ്റാര്‍ക്കിനെയും പീറ്റര്‍ സിഡിലിനെയും പുറത്താക്കി യസീര്‍ ഷാ പാക്കിസ്ഥാന് വിജയം ഉറപ്പാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പ്രതിരോധ മതില്‍ കെട്ടി ടിം പെയിനും നഥാന്‍ ലയണും പാക്കിസ്ഥാന്‍ ഹൃദയങ്ങളെ തകര്‍ക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 139.5 ഓവറുകളില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 362 റണ്‍സാണ് നേടിയത്.
ടിം പെയിന്‍ 61 റണ്‍സുമായി നിന്നപ്പോള്‍ 5 റണ്‍സ് നേടിയ നഥാന്‍ ലയണ്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 29 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. പീറ്റര്‍ സിഡില്‍ പുറത്താകുമ്പോള്‍ 13 ഓവറുകളോളം ദിവസം ശേഷിക്കുന്നുണ്ടായിരുന്നുവെങ്കിലും പതറാതെ പിടിച്ചു നില്‍ക്കുവാന്‍ പെയിനിനും ലയണിനും സാധിച്ചു. യസീര്‍ ഷാ നാല് വിക്കറ്റ് നേടിയപ്പോള്‍ ഇന്നിംഗ്സില്‍ മുഹമ്മദ് അബ്ബാസ് 3 വിക്കറ്റ് നേടി. മുഹമ്മദ് ഹഫീസിനാണ് ഒരു വിക്കറ്റ്.