പേസ് ബൗളര്‍മാരുടെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യണം

Sports Correspondent

പേസ് ബൗളര്‍മാരായ പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും വര്‍ക്ക് ലോഡ് ക്രിക്കറ്റ് ഓസ്ട്രേലിയയും ടീം മാനേജ്മെന്റും വ്യക്തമായ മികവോടെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറെ മത്സരങ്ങളില്‍ ഈ സീസണില്‍ പന്തെറിഞ്ഞു കഴിഞ്ഞുവെന്നും താരത്തിനു വിശ്രമം ആവശ്യമാണെന്നും ഫിഞ്ച് പറഞ്ഞു. ഓസ്ട്രേലിയന്‍ സമ്മറില്‍ താരം ഏറെ മത്സരങ്ങള്‍ കളിച്ചുവെന്നും ഏപ്രിലില്‍ മത്സരമില്ലാത്തത് താരത്തിനെ ലോകകപ്പിനു തയ്യാറാക്കുമെന്നും ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു. ഈ ഇടവേള താരത്തിനു മികച്ച ശാരീര സ്ഥിതി വീണ്ടെടുത്ത് തിരിച്ചെത്തുവാനുള്ള അനിവാര്യമായ കാലമാണെന്നാണ് ഫിഞ്ച് അഭിപ്രായപ്പെട്ടത്.

അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലെ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത താരങ്ങള്‍ക്ക് പന്തെറിയുവാനും മത്സരക്ഷമത തെളിയിക്കുവാനും മതിയായ അവസരങ്ങള്‍ സൃഷ്ടിക്കുവാനും ടീം മാനേജ്മെന്റും ക്രിക്കറ്റ് ബോര്‍ഡും ബാധ്യസ്ഥരാണെന്ന് ഫിഞ്ച് പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമെതിരെ 10 ഏകദിനങ്ങളിലാണ് ഓസ്ട്രേലിയ അടുത്ത് കളിക്കാന്‍ ഒരുങ്ങുന്നത്.

ലോകകപ്പിനു മുമ്പ് താരങ്ങള്‍ക്ക് കഴിവ് തെളിയിക്കുവാനുള്ള അവസരമാണെങ്കിലും പാറ്റ് കമ്മിന്‍സിനെ പോലുള്ള താരത്തിനു മതിയായ വിശ്രമം ആവശ്യമായ ഘട്ടം കൂടിയാണിതെന്ന് ഫിഞ്ച് പറഞ്ഞു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ ടെസ്റ്റ് പരമ്പര പൂര്‍ണ്ണമായും കളിച്ച താരമാണ് പാറ്റ് കമ്മിന്‍സ്. അതിനാല്‍ തന്നെ വരുന്ന പത്ത് മത്സരങ്ങളില്‍ എല്ലാത്തിലും പാറ്റ് കമ്മിന്‍സ് കളിക്കുവാനുള്ള സാധ്യത കുറവാണ്. താരത്തിനും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനും വേണ്ടിയാവും ഈ തീരൂമാനമെന്നും ഫിഞ്ച് പറഞ്ഞു.