ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ അപേക്ഷകൾ അയച്ചവരുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ബി.സി.സി.ഐ. ഏകദേശം രണ്ടായിരത്തോളം പേരാണ് ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷകൾ അയച്ചത് . വെസ്റ്റിൻഡീസ് പരമ്പരയോടെ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രിയുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കാലാവധി കഴിയുകയാണ്. ഇതിനെ തുടർന്നാണ് ബി.സി.സി.ഐ ഇന്ത്യൻ പരിശീലകരെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.
ജൂലൈ 30ന് അപേക്ഷ നൽകാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ 2000ൽ പരം അപേക്ഷകളാണ് ബി.സി.സി.ഐക്ക് ലഭിച്ചത്. അതെ സമയം 2000 പേർ അപേക്ഷകൾ നൽകിയെങ്കിലും ഇവരിൽ രവി ശാസ്ത്രിക്ക് വെല്ലുവിളി സൃഷ്ട്ടിക്കുന്ന വലിയ പേരുകൾ ഒന്നും തന്നെ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡി, മുൻ ന്യൂസിലാൻഡ് താരവും നിലവിൽ കിങ്‌സ് ഇലവൻ പഞ്ചാബ് പരിശീലകനായ മൈക്ക് ഹെസ്സൺ, മുൻ ഇന്ത്യൻ താരങ്ങളായ റോബിൻ സിങ്, ലാൽചന്ദ് രാജ്പുട് എന്നിവരും ഉൾപെട്ടിട്ടുണ്ട്. അതെ സമയം മുൻ ശ്രീലങ്കൻ താരം മഹേള ജയവർദ്ധന ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫീൽഡിങ് പരിശീലകനാവാൻ മുൻ സൗത്ത് ആഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ് അപേക്ഷ നൽകിയിട്ടുണ്ട്.