ഒളിവിയറിന്റെ തീരുമാനം നിരാശാജനകം: ക്രിക്കറ്റ് സൗത്താഫ്രിക്ക

കോല്‍പക് കരാറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിയ്ക്കുന്നത് അവസാനിപ്പിച്ച് യോര്‍ക്ക്ഷയറിലേക്ക് നീങ്ങിയ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ ഡുവാന്നേ ഒളിവിയറിന്റെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ക്രിക്കറ്റ് സൗത്താഫ്രിക്ക. താരത്തിന്റെ തീരുമാനം തീര്‍ത്തും നിരാശാജനകമാണെന്നാണ് ബോര്‍ഡ് വിലയിരുത്തിയത്. പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് പരമ്പരയിലെ താരം പുരസ്കാരം സ്വന്തമാക്കിയ ഒളിവിയര്‍ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചേക്കുമെന്ന് വരെ കരുതിയിരുന്ന താരമാണ്.

താരത്തിനു സ്ഥിരമായി അവസരങ്ങള്‍ ബോര്‍ഡ് നല്‍കി വരികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നല്‍കിയ ദേശീയ കരാര്‍ താരം നിരസിക്കുകയായിരുന്നു എന്നും ബോര്‍ഡ് അറിയിച്ചു. സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു താരത്തിനു മുന്നില്‍ ദേശീയ കരാര്‍ നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

തങ്ങള്‍ താരത്തിനു നല്‍കിയ അവസരങ്ങള്‍ പരിഗണിക്കാതെ ഈ തീരമാനത്തിലേക്ക് ഒളിവിയര്‍ എത്തിയത് തീര്‍ത്തും നിരാശാജനകമാണെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചത്. കഴിഞ്ഞ സീസണില്‍ താരത്തിന്റെ പ്രകടനം അത്ര കണ്ട മികച്ചതായിരുന്നുവെന്നും അതിനാല്‍ തന്നെ രണ്ട് വര്‍ഷത്തെ ദേശീയ കരാറും അതുവഴി 2020-21 വരെ താരത്തിനു സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതായിരുന്നു ബോര്‍ഡിന്റെ നടപടിയെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു.