ന്യൂസിലൻഡ് പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. നേപ്പിയറിൽ നടന്ന ആദ്യ ഏകദിനത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യൻ ടീം വിജയം കണ്ടത്. ന്യൂസിലാൻഡ് ഉയർത്തിയ 156 എന്ന വിജയ ലക്‌ഷ്യം വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ 34.5 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ന്യൂസിലാൻഡ് 157 റൺസ് നേടിയിരുന്നു എങ്കിലും ഡെക് വർത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 156 ആക്കി ചുരുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ (75) അർദ്ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ വെറും 157 റൺസിന് ചുരുട്ടി കെട്ടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാലും മുഹമ്മദ് ഷാമി മൂന്നും ചാഹൽ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. 64 റൺസ് നേടിയ ക്യാപ്റ്റൻ വില്യംസൺ ആണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്‌കോറർ.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 41 റൺസ് സ്‌കോറിൽ എത്തിയപ്പോൾ 11 റൺസ് നേടിയ രോഹിത് പുറത്തായി എങ്കിലും ക്യാപ്റ്റൻ കോഹ്ലിയെ കൂട്ടുപിടിച്ചു ധവാൻ സ്‌കോർ ഉയർത്തി. ഇതിനിടയിൽ അർദ്ധ സെഞ്ച്വറിയും ഏകദിനത്തിൽ 5000 റൺസും ധവാൻ പിന്നിട്ടു. 45 റൺസ് എടുത്ത കോഹ്ലിയെ 132ൽ വെച്ച് നഷ്ടപ്പെട്ടെങ്കിലും അമ്പാട്ടി റായിഡുവിനെ കൂട്ടുപിടിച്ചു ധവാൻ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 നു മുന്നിൽ എത്തി.