ഇംഗ്ലണ്ടിനെതിരെയുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ അണ്ടർ ഡോഗുകൾ ന്യൂസിലാണ്ടാണെന്ന് പറഞ്ഞ് കോച്ച് ഗാരി സ്റ്റെഡ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാണ്ട് പ്രവേശിച്ചുവെങ്കിലും പരമ്പരയിൽ മുൻതൂക്കം ഇംഗ്ലണ്ടിനാണെന്നാണ് സ്റ്റെഡ് പറഞ്ഞത്.
ആയിരം ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഓപ്പണിംഗ് ബൌളർമാരുള്ള ടീമാണ് ഇംഗ്ലണ്ടെന്ന് ജെയിംസ് ആൻഡേഴ്സണെയും സ്റ്റുവർട് ബ്രോഡിനെയും ചൂണ്ടിക്കാണിച്ച് സ്റ്റെഡ് പറഞ്ഞു. ഇംഗ്ലണ്ട് ടീമിനെ പരിശോധിക്കുകയാണെങ്കിൽ പരിചയ സമ്പന്നരായ ഒട്ടനവധി താരങ്ങൾ അവരുടെ നിരയിൽ കാണാനാകുമെന്നും അതിന്റെ ഗുണവും നാട്ടിൽ പരമ്പര കളിക്കുന്നതിന്റെ ഗുണവും ഇംഗ്ലണ്ടിന് ലഭിക്കുമ്പോൾ അവർ സ്വാഭാവികമായി ഫേവറൈറ്റുകളായി മാറുന്നുവെന്നും ന്യൂസിലാണ്ട് മുഖ്യ കോച്ച് വ്യക്തമാക്കി.
രണ്ട് ടെസ്റ്റുകൾക്ക് ശേഷം ഏറെ പ്രാധാന്യമുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കൂടി നടക്കേണ്ടതിനാൽ ന്യൂസിലാണ്ടിന് അവരുടെ താരങ്ങളുടെ വർക്ക് ലോഡും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് സ്റ്റെഡ് സൂചിപ്പിച്ചു.