ന്യൂസിലാണ്ടിനെതിരെ റാഞ്ചിയിലെ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 176/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടാനായത്. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച വാഷിംഗ്ടൺ സുന്ദര്‍ ആണ് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത്. സുന്ദര്‍ 28 പന്തിൽ നിന്ന് 50 റൺസാണ് നേടിയത്. 21 റൺസിന്റെ വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.
തുടക്കം പാളിയ ഇന്ത്യയ്ക്ക് ആദ്യ ഓവറുകളിൽ തന്നെ ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, ശുഭ്മന്‍ ഗിൽ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.
15/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് – ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യം 68 റൺസ് നാലാം വിക്കറ്റിൽ കൂട്ടിചേര്‍ത്ത് മുന്നോട്ട് നയിച്ചുവെങ്കിലും 47 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ ഇഷ് സോധി പുറത്താക്കിയത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.
അധികം വൈകാതെ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുറത്താക്കി മൈക്കൽ ബ്രേസ്‍വെൽ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 21 റൺസായിരുന്നു ഹാര്‍ദ്ദിക് നേടിയത്.
89/5 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ആറാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദര്‍ – ദീപക് ഹൂഡ കൂട്ടുകെട്ട് മുന്നോട്ട് നയിച്ചപ്പോള്‍ അവസാന അഞ്ചോവറിൽ 67 റൺസെന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നത്. ഹൂഡയെ(10) പുറത്താക്കി മിച്ചൽ സാന്റനര്‍ 22 റൺസ് കൂട്ടുകെട്ട് തകര്‍ത്തതോടെ ഇന്ത്യയുടെ കാര്യങ്ങള്‍ കൂടുതൽ ശ്രമകരമായി മാറി.
ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ സാന്റനറുടെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഹൂഡയുടേത്. വെറും 11 റൺസ് മാത്രമാണ് സാന്റനര്‍ തന്റെ നാലോവര്‍ സ്പെല്ലിൽ വിട്ട് നൽകിയത്. തൊട്ടടുത്ത ഓവറിൽ ശിവം മാവി റണ്ണൗട്ടായതോടെ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി.
പിന്നീട് വാഷിംഗ്ടൺ സുന്ദര്‍ ഒറ്റയാള്‍ പോരാട്ടം നടത്തി തോൽവി ഭാരം കുറച്ചുവെങ്കിലും വിജയം ന്യൂസിലാണ്ടിനൊപ്പം നിന്നു. ജേക്കബ് ഡഫി, മൈക്കൽ ബ്രേസ്‍വെൽ, മിച്ചൽ സാന്റനര്‍ എന്നിവര്‍ ന്യൂസിലാണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി.