സ്കോട്‍ലാന്‍ഡിനെതിരെ 35 റണ്‍സ് വിജയം കരസ്ഥമാക്കി ശ്രീലങ്ക. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 322 റണ്‍സ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയ ശേഷം മഴ വില്ലനായി എത്തിയതോടെ മത്സരം 34 ഓവറായി ചുരുക്കുകയായിരുന്നു. 235 റണ്‍സായിരുന്നു സ്കോട്‍ലാന്‍ഡ് 34 ഓവറില്‍ നിന്ന് നേടേണ്ടിയിരുന്നതെങ്കിലും ടീം 33.2 ഓവറില്‍ 199 റണ്‍സിനു ഓള്‍ഔട്ട് ആയി.
ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ 77 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അവിഷ്ക ഫെര്‍ണാണ്ടോ 74 റണ്‍സ് നേടി. ഒന്നാംവ ിക്കറ്റില്‍ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. കുശല്‍ മെന്‍ഡിസും അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. 66 റണ്‍സാണ് കുശല്‍ മെന്‍ഡിസ് നേടിയത്. ലഹിരു തിരിമന്നേ 44 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 50 ഓവറില്‍ നിന്ന് ലങ്ക 322/8 എന്ന സ്കോര്‍ നേടുകയായിരുന്നു. സ്കോട്‍ലാന്‍ഡിനു വേണ്ടി ബ്രാഡ്‍ലി വീല്‍ മൂന്നും സഫ്യാന്‍ ഷറീഫ് 2 വിക്കറ്റും നേടി.
മികച്ച തുടക്കം സ്കോട്‍ലാന്‍ഡിനായി ഓപ്പണര്‍മാ്‍ നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ലങ്കയ്ക്കായി. മാത്യൂ ക്രോസ് 55 റണ്‍സും കൈല്‍ കോയറ്റ്സര്‍ 34 റണ്‍സും നേടിയപ്പോള്‍ ജോര്‍ജ്ജ് മുന്‍സേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 61 റണ്‍സാണ് താരം നേടിയത്. 4 വിക്കറ്റുമായി നുവാന്‍ പ്രദീപ് ആണ് ശ്രീലങ്കയ്ക്കായി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. സുരംഗ ലക്മല്‍ രണ്ട് വിക്കറ്റും നേടി.