ഡ്യൂക്ക് ബോളിൽ തനിക്ക് വലിയ പരിചയം ഇല്ല – ട്രെന്റ് ബോൾട്ട്

Sports Correspondent

ഇംഗ്ലണ്ടിൽ ഉപയോഗിക്കുന്ന ഡ്യൂക്ക് ബോളിൽ തനിക്ക് വലിയ പരിചയം ഇല്ലെന്ന് പറഞ്ഞ് ട്രെന്റ് ബോൾട്ട്. എന്നാൽ തനിക്കും ടീമംഗങ്ങൾക്കും അതുപയോഗിച്ച് പന്തെറിയുവാൻ കഴിയുമെന്ന ആവേശമുണ്ടെന്നും ബോൾട്ട് പറഞ്ഞു. വളരെ വ്യത്യസ്തമായി പെരുമാറുന്നതാണ് ഡ്യൂക്ക് ബോളെന്നും ഇംഗ്ലണ്ടിൽ ചുരുക്കം ചില മത്സരങ്ങളിൽ താൻ അതുപയോഗിച്ച് പന്തെറിഞ്ഞിട്ടുണ്ടെന്നും ബോൾട്ട് പറഞ്ഞു.

പല വേദികളിൽ പല തരത്തിലാണ് ഡ്യൂക്ക് ബോളിൽ പന്തെറിയേണ്ടതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ബോൾട്ട് പറഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരം കളിക്കുവാൻ സാധ്യതയില്ലെന്നാണ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞതെങ്കിലും തനിക്ക് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിലെങ്കിലും അവസരം ലഭിയ്ക്കുമെന്നും അത് വഴി ഡ്യൂക്ക് ബോളിൽ പന്തെറിഞ്ഞ് ആ പരിചയം വെച്ച് ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാൻ സഹായകരമാകുമെന്നും താരം പറഞ്ഞു.