ടിം പെയിനിന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനായി പാറ്റ് കമ്മിന്‍സിനെ നിയമിക്കണണെന്ന അഭിപ്രായം ഓസ്ട്രേലിയന്‍ ക്രിക്കറ്റിൽ ഉടലെടുത്തിട്ട് കുറച്ച് നാളായി. അതിന് കാരണം സാന്‍ഡ്പേപ്പര്‍ ഗെയിറ്റിൽ ഉള്‍പ്പെട്ടതിനാൽ സ്റ്റീവൻ സ്മിത്തിനെ ആ ദൗത്യം ഏല്പിക്കരുതെന്ന ഒരു വിഭാഗത്ത് നിന്നുള്ള അഭിപ്രായം ആണ്. സ്മിത്തിൽ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ടിം പെയിന്‍ ഓസ്ട്രേലിയ ദീര്‍ഘകാലത്തേക്ക് ക്യാപ്റ്റനാക്കുവാന്‍ ഉദ്ദേശിച്ച ഒരു താരമല്ല.
സ്മിത്തിനെ തിരികെ ക്യാപ്റ്റന്‍സി ഏല്പിക്കണമെന്ന വാദം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ടെങ്കിലും ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ കറുത്ത അധ്യായം സ്മിത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് സംഭവിച്ചതെന്നത് പരിഗണിച്ച് ക്യാപ്റ്റന്‍സി പുതിയൊരാള്‍ക്ക് നല്‍കണമെന്നും അത് പാറ്റ് കമ്മിന്‍സ് ആകണമെന്നു രീതിയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.
1960ൽ റിച്ചി ബെനൗഡ് ക്യാപ്റ്റനായ ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി ഒരു പേസര്‍ക്ക് ലഭിച്ചിട്ടില്ല. അതിന് ശേഷം 18 ക്യാപ്റ്റന്മാര്‍ വന്നത് ബാറ്റ്സ്മാന്മാരോ ഓള്‍റൗണ്ടര്‍മാരോ ആയിരുന്നു. താന്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും തനിക്ക് ടീമില്‍ ഇടമുണ്ടെങ്കിൽ താനെന്നും സന്തോഷവാനാണെന്നും പാറ്റ് കമ്മിന്‍സ് അഭിപ്രായം പങ്കുവെച്ചു.
ടിം പെയിനും ആരോൺ ഫിഞ്ചും അതാത് ഫോര്‍മാറ്റിൽ ക്യാപ്റ്റന്മാരായി മികവ് പുലര്‍ത്തുന്നുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും കമ്മിന്‍സ് കൂട്ടിചേര്‍ത്തു. തനിക്ക് ക്യാപ്റ്റന്‍സി ലഭിയ്ക്കുകയാണെങ്കില്‍ സന്തോഷവാനായിരിക്കുമെന്നും തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പാറ്റ് കമ്മിന്‍സ് പറഞ്ഞു.