ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാന്‍ സാധിച്ചുവെങ്കിലും ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിയ്ക്കുവാന്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് സാധിച്ചില്ലെങ്കിലും താന്‍ നിലവില്‍ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് താരം പറയുന്നത്. കാരണം താന്‍ ഇപ്പോള്‍ മാത്രമാണ് ഇംഗ്ലണ്ട് ടീമിലേക്ക് എത്തിയത്. ബാക്കി താരങ്ങളെല്ലാം ഈ സെറ്റപ്പിന്റെ ഭാഗമായിട്ട് ഏറെ നാളായി, അപ്പോള്‍ അവരാണ് ടീമിലെത്തുവാന്‍ കൂടുതല്‍ അര്‍ഹരെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ തനിക്ക് അവസരം ലഭിച്ചില്ലെങ്കിലും തനിക്ക് കുഴപ്പമില്ലെന്നാണ് ജോഫ്ര പറഞ്ഞത്.
2016ല്‍ ഇംഗ്ലണ്ടിലെത്തിയ താരം ഏഴ് വര്‍ഷം ഇംഗ്ലണ്ടില്‍ താമസിച്ച് 2023ല്‍ ഇംഗ്ലണ്ട് ടീമിലേക്ക് യോഗ്യത നേടുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും നിയമങ്ങളില്‍ ഇംഗ്ലണ്ട് ബോര്‍ഡ് മാറ്റം വരുത്തിയതോടെ 2019 ഏപ്രില്‍ അവസാനത്തോടെ ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാന്‍ യോഗ്യത നേടുകയായിരുന്നു. താരത്തിനെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിച്ചില്ലെങ്കിലും അയര്‍ലണ്ട്-പാക്കിസ്ഥാന്‍ പരമ്പരകള്‍ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു.
തന്റെ ആദ്യ ഏകദിന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ 8 ഓവറില്‍ 40 റണ്‍സിനു ഒരു വിക്കറ്റ് നേടിയ ജോഫ്ര ഇന്നലെ പാക്കിസ്ഥാനെതിരെയുള്ള തന്റെ ആദ്യ ടി20 മത്സരത്തില്‍ 4 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയിരുന്നു.