കൊറോണ മൂലം ക്രിക്കറ്റ് ലോകത്താകമാനം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടത്താമെന്ന ആശയമാണ് ഒരു പക്ഷം മുന്നോട്ട് വയ്ക്കുന്നത്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും താരങ്ങളും ക്രിക്കറ്റ് കമന്റേറ്റര്‍മാരും നടത്തിപ്പുകാരുമെല്ലാം എത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ തനിക്ക് എന്താണ് പറയാനുള്ളതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാക്കിസ്ഥാന്‍ ഓപ്പണിംഗ് താരം ഇമാം-ഉള്‍-ഹക്ക്.
താന്‍ ക്രിക്കറ്റ് അടഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുന്നതിനോട് യോജിക്കുന്നില്ലെങ്കിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അത്തരത്തിലൊരു തീരുമാനം എടുത്താല്‍ തീര്‍ച്ചയായും അനുസരിക്കുമെന്ന് താരം വ്യക്തമാക്കി. കാണികളില്ലാതെ ക്രിക്കറ്റിന്റെ യഥാര്‍ത്ഥ സത്ത് നഷ്ടപ്പെടുമെന്നതാണ് സത്യം, എന്നാല്‍ പിസിബി ആവശ്യപ്പെടുകയാണെങ്കില്‍ അതിനെ നമ്മള്‍ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് താരം പറഞ്ഞു.
കാണികളെ അനുവദിക്കണോ വേണ്ടയോ എന്നത് ഐസിസിയുടെയും ബോര്‍ഡുകളുടെയും തീരുമാനമാണെന്നും ഇമാം പറഞ്ഞു. ഐസിസി മത്സര ടൂര്‍ണ്ണമെന്റുകളായ ടി20 ലോകകപ്പ് എല്ലാം മറ്റു ഉഭയകക്ഷി പരമ്പരകള്‍ പോലെ അല്ലെന്നും അവ ആരാധകരുടെ മുന്നില്‍ വെച്ച് കളിക്കേണ്ടതാണെന്നും താരം വ്യക്തമാക്കി.