പരമ്പര റീഷെഡ്യൂള്‍ ചെയ്യുവാനുള്ള ആവശ്യം ബിസിസിഐ ഉന്നയിച്ചിട്ടില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ്

Sports Correspondent

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേരത്തെ ആക്കുവാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ തള്ളി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഇത്തരത്തില്‍ ഒരു ആവശ്യവും ബിസിസിഐ മുന്നോട്ട് വെച്ചിട്ടില്ലെന്നും പരമ്പര നേരത്തെ നിശ്ചയിച്ച പോലെ ഓഗസ്റ്റ് നാലിന് തന്നെ നടക്കുമെന്നും ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു.

ഐപിഎല്‍ സെപ്റ്റംബറല്‍ നടത്തുവാനായി സെപ്റ്റംബര്‍ രണ്ടാം ആഴ്ച ആരംഭിക്കേണ്ട മാഞ്ചസ്റ്റര്‍ ടെസ്റ്റ് ജൂലൈ നാലാം ആഴ്ചയിലേക്ക് ആക്കുവാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം ഒരു നീക്കവും വന്നിട്ടില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു.

ബിസിസിഐയുമായി പല തരത്തില്‍ നിരന്തരമായി ചര്‍ച്ചകളില്‍ ഇംഗ്ലണ്ട് ബോര്‍ഡ് ഏര്‍പ്പെടാറുണ്ടെങ്കിലും ഇത്തരം ഒരു ആവശ്യം ബിസിസിഐയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം ടെസ്റ്റ് പരമ്പര മുന്നോട്ട് പോകുവാനാണ് ഇപ്പോളത്തെ തീരുമാനം എന്നും ഇസിബി വക്താവ് അറിയിച്ചു.