മെല്‍ബേണില്‍ പ്രൊട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ല – ബിസിസിഐ

Sports Correspondent

ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, നവ്ദീപ് സൈനി, പൃഥ്വി ഷാ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ മെല്‍ബേണിലെ റെസ്റ്റോറന്റില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പ്രൊട്ടോക്കോള്‍ ലംഘിച്ചുവെന്ന വിവാദത്തില്‍ വ്യക്തത വരുത്തി ബിസിസിഐ. താരങ്ങള്‍ കോവിഡ് പ്രൊട്ടോക്കോളുകള്‍ പാലിച്ചുവെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്.

ഒരു ആരാധകന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്തുവെന്നും അവരുടെ ഭക്ഷണത്തിന്റെ ബില്‍ അടച്ചുവെന്നും ട്വിറ്ററിലൂടെ പങ്കുവെച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഋഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചുവെന്ന് പറഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയ പ്രൊട്ടോക്കോളുകളുടെ ലംഘനം സംഭവിച്ചുെവന്ന തരത്തിലുള്ള വിവാദം പുറത്ത് വന്നത്.

പിന്നീട് ഈ ആരാധകനും ട്വിറ്ററില്‍ തന്നെ പന്ത് കെട്ടിപ്പിടിച്ചിട്ടില്ലെന്നും താനത് ആവേശത്തില്‍ പറഞ്ഞ് പോയതാണെന്നും വ്യക്തമാക്കി. അതിനാല്‍ തന്നെ ബിസിസിഐ ഈ വിഷയത്തില്‍ അന്വേഷണം ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി.