രണ്ടാം ടെസ്റ്റ് ജയിക്കാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നറിയിച്ച് സര്‍ഫ്രാസ് അഹമ്മദ്. ദുബായ് ടെസ്റ്റില്‍ ജയത്തിനരികിലെത്തിയെങ്കിലും അവസാന ദിവസത്തെ ഓസ്ട്രേലിയന്‍ ചെറുത്ത് നില്പ് പാക്കിസ്ഥാന്‍ പ്രതീക്ഷകളെ തകിടം മറിയ്ക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ തന്റെ ടീമിന്റെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ടെന്നറിയിച്ച സര്‍ഫ്രാസ് നിര്‍ഭാഗ്യം കൊണ്ടാണ് തനിക്കും ടീമിനും വിജയം സ്വന്തമാക്കുവാന്‍ സാധിക്കാതെ പോയതെന്ന് പറഞ്ഞു.
നാലര ദിവസത്തോളം മേല്‍ക്കൈ നേടിയത് പാക്കിസ്ഥാനാണ്. എന്നാല്‍ അവസാന ദിവസത്തെ ചെറുത്ത് നില്പ് ഓസ്ട്രേലിയയ്ക്ക് തുണയായി മാറുകയായിരുന്നു. ഓസ്ട്രേലിയന്‍ പോരാട്ട വീര്യത്തെ അഭിനന്ദിച്ച സര്‍ഫ്രാസ് എന്നാല്‍ തനിക്കോ ടീമിനോ രണ്ടാം ടെസ്റ്റില്‍ പരാജയ ഭീതിയില്ലെന്നും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാകുമെന്നും അറിയിച്ചു.
ഏഴ് വര്‍ഷം മുമ്പ് യുഎഇ ഹോം ഗ്രൗണ്ടാക്കി മാറ്റിയതിനു ശേഷം പാക്കിസ്ഥാന്‍ യുഎഇയില്‍ 13 മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. പരാജയപ്പെട്ടതാകട്ടെ വെറും 4 എണ്ണം മാത്രം. അതേ സമയം സര്‍ഫ്രാസ് അഹമ്മദ് പാക് നായകനായി ചുമതലയേറ്റ ശേഷം യുഎഇയില്‍ പാക്കിസ്ഥാന്‍ ഒരു ടെസ്റ്റ് പോലും വിജയിച്ചിട്ടില്ല.