സൂപ്പർ ഓവറിൽ സൂപ്പറായി കെ.എൽ രാഹുലും ഇന്ത്യയും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും ജയം. സൂപ്പർ ഓവറിൽ ന്യൂസിലാൻഡ് ഉയർത്തിയ 14 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. സൂപ്പർ ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ തന്നെ 10 റൺസ് എടുത്ത കെ.എൽ രാഹുൽ ഇന്ത്യക്ക് വിജയം ഏകദേശം ഉറപ്പിച്ചിരുന്നു. തുടർന്ന് കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോഹ്‌ലി ഇന്ത്യക്ക് അനായാസം ജയം നേടികൊടുക്കുകയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 13 റൺസാണ് എടുത്തത്. ബുംറ എറിഞ്ഞ സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിലും ന്യൂസിലാൻഡ് സൂപ്പർ ഓവറിൽ പരാജയപ്പെട്ടിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡിനെ ഇന്ത്യയെ സമനിലയിൽ കുടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ന്യൂസിലാൻഡ് അനായാസം ജയിക്കുമെന്ന് കരുതിയ മത്സരത്തിൽ അവസാന മൂന്ന് ഓവറുകൾ മനോഹരമായി പന്തെറിഞ്ഞാണ് ഇന്ത്യ മത്സരം സൂപ്പർ ഓവറിൽ എത്തിച്ചത്.

അവസാന മൂന്ന് ഓവറുകളിൽ 7വിക്കറ്റ് ബാക്കി നിൽക്കെ 18 റൺസ് മാത്രം വേണമെന്നിരിക്കെ പന്തെറിഞ്ഞ എറിഞ്ഞ ബുംറയും സെയ്നിയും താക്കൂറും മത്സരം സൂപ്പർ ഓവറിൽ എത്തിക്കുകയായിരുന്നു. അവസാന ഓവറിൽ ന്യൂസിലാഡിന് ജയിക്കാൻ 7 വേണ്ട സമയത്ത് രണ്ട് റൺ ഔട്ട് അടക്കം നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരം സമനിലയിലാകുകയായിരുന്നു. ന്യൂസിലാൻഡിന് വേണ്ടി കോളിൻ മൺറോ 47 പന്തിൽ 64 റൺസും സെയ്‌ഫെർട്ട് 39 പന്തിൽ 57 റൺസുമെടുത്ത് പുറത്തായി.

നേരത്തെ മനീഷ് പാണ്ഡെയുടെ അർദ്ധ സെഞ്ചുറിയുടെയും കെ.എൽ രാഹുലിന്റെ മികച്ച പ്രകടനത്തിന്റെയും പിൻബലത്തിലാണ് ഇന്ത്യ 165 റൺസ് എടുത്തത്. മനീഷ് പാണ്ഡെ 36 പന്തിൽ 50 റൺസ് എടുത്തു പുറത്താവാതെ നിന്നപ്പോൾ കെ.എൽ രാഹുൽ 26 പന്തിൽ 39 റൺസ് എടുത്ത് പുറത്തായി