മഴ മൂലം ആദ്യ രണ്ട് ദിവസം പൂര്‍ണ്ണമായും നഷ്ടമായ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ വിജയ പ്രതീക്ഷയുമായി ന്യൂസിലാണ്ട്. ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശിനെ 211 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി ന്യൂസിലാണ്ട് 432/6 എന്ന കൂറ്റന്‍ സ്കോര്‍ നേടി തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
8/2 എന്ന നിലയില്‍ വീണ ശേഷം മൂന്നാം ദിവസത്തെ സ്കോറായ 38/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് ആരംഭിച്ച റോസ് ടെയിലര്‍-കെയിന്‍ വില്യംസണ് കൂട്ടുകെട്ട് 172 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ നേടി. 74 റണ്‍സ് നേടിയ വില്യംസണ് തൈജുല്‍ ഇസ്ലാമിനു വിക്കറ്റ് നല്കി മടങ്ങിയെങ്കിലും റോസ് ടെയിലര്‍ ഹെന്റി നിക്കോളസിനെ കൂട്ടുപിടിച്ച് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചു.
നാലാം വിക്കറ്റില്‍ 216 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 107 റണ്‍സ് നേടിയ നിക്കോളസിന്റെ വിക്കറ്റും തൈുല് ഇസ്ലാമിനു തന്നെയാണ് ലഭിച്ചത്. തന്റെ ഇരട്ട ശതകം നേടി ഏറെ വൈകാതെ റോസ് ടെയിലറും(200) പുറത്തായ ശേഷം അല്പം സമയത്തിനുള്ളില്‍ ന്യൂസിലാണ്ട് ഡിക്ലറേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. കോളിന് ഡി ഗ്രാന്‍ഡോം 23 റണ്‍സ് നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനു വേണ്ടി അബു ജയേദ് മൂന്നും തൈജുല്‍ ഇസ്ലാം രണ്ടും വിക്കറ്റ് നേടി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 80/3 എന്ന നിലയിലാണ്. മുഹമ്മദ് മിഥുനും(25*) സൗമ്യ സര്‍ക്കാരുമാണ്(12*) ക്രീസില്‍ നില്‍ക്കുന്നത്. ന്യൂസിലാണ്ടിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 141 റണ്‍സ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്.
ന്യൂസിലാണ്ടിനു വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ട്രെന്റ് ബോള്‍ട്ട് രണ്ടും മാറ്റ് ഹെന്റി ഒരു വിക്കറ്റും നേടി.