അവസാന ഏകദിനവും തോറ്റു, ന്യൂസിലാൻഡിനോട് നാണംകെട്ട് ഇന്ത്യ

Photo: Twitter/@BLACKCAPS
- Advertisement -

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 5 വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ തോൽപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ന്യൂസിലാൻഡ് തുത്തുവാരി. 14 വർഷത്തിനിടെ ആദ്യമായിട്ടാണ് ന്യൂസിലാൻഡ് ഇന്ത്യക്കെതിരെയുള്ള പരമ്പര തുത്തുവാരുന്നത്. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ7 വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 17 പന്ത് ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എടുത്ത് ജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യ ഉയർത്തിയ 297 എന്ന ലക്‌ഷ്യം മുൻപിൽ വെച്ച് ഇറങ്ങിയ ന്യൂസിലാന്റിന് ഓപ്പണർമാരായ ഗുപ്ടിലും നിക്കോളാസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത് . ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 106 റൺസാണ് കൂട്ടിച്ചേർത്തത്. ഗുപ്റ്റിൽ 66 റൺസും നിക്കോളാസ് 80 റൺസുമെടുത്താണ് പുറത്തായത്.  തുടർന്ന് കെയ്ൻ വില്യംസണും ടെയ്‌ലറും പെട്ടെന്ന് പുറത്തായെങ്കിലും ലതാമും ഗ്രാൻഡ്ഹോമും ചേർന്ന് ന്യൂസിലാൻഡിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ 30 റൺസിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും വെടിക്കെട്ട് പ്രകടനം നടത്തിയ ഗ്രാൻഡ്ഹോം മത്സരം ഇന്ത്യയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ഗ്രാൻഡ്ഹോം 28 പന്തിൽ നിന്ന് 58 റൺസ് എടുത്തും ലതാം 32 റൺസുമെടുത്ത് പുറത്താവാതെ നിന്നു. നേരത്തെ കെ.എൽ രാഹുലിന്റെ സെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെയും അർദ്ധ സെഞ്ചുറികളുടെയും പിൻബലത്തിലാണ് ഇന്ത്യ 296 റൺസ് എടുത്തത്.

Advertisement