800 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയാണ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ മുത്തയ്യ മുരളീധരന്‍ റിട്ടയര്‍ ചെയ്യുന്നത്. 792 വിക്കറ്റുകള്‍ നേടി നില്‍ക്കുമ്പോളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്നും അടുത്ത ടെസ്റ്റ് തന്റെ അവസാന ടെസ്റ്റായിരിക്കുമെന്നും മുത്തയ്യ മുരളീധരന്‍ വ്യക്തമാക്കുന്നത്. 20101ല്‍ ഇന്ത്യ ശ്രീലങ്ക സന്ദര്‍ശിക്കുമ്പോളാണ് മുത്തയ്യ മുരളീധരന്റെ ഈ തീരുമാനം.
ഗോളിലെ ആദ്യ ടെസ്റ്റില്‍ കളിച്ച ശേഷം താരം താന്‍ വിരമിക്കുമെന്ന തീരുമാനം അറിയിക്കുകയായിരുന്നു. അന്ന് ടീം ക്യാപ്റ്റനായ സംഗക്കാരയും സെലക്ടര്‍മാരും മുരളിയോട് രണ്ട് ടെസ്റ്റുകള്‍ കൂടി കളിച്ച് 800 വിക്കറ്റെന്ന ലക്ഷ്യത്തിലേക്ക് എത്തുവാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സംഗക്കാര പറഞ്ഞു. പരമ്പരയിലെ തന്നെ രണ്ട് മത്സരങ്ങള്‍ കൂടി കളിച്ചിട്ട് വിരമിക്കാമെന്നായിരുന്നു തന്റെയും സെലക്ടര്‍മാരുടെയും നിര്‍ദ്ദേശമെന്ന് മുന്‍ ലങ്കന്‍ നായകന്‍ വ്യക്തമാക്കി.
എന്നാല്‍ മുരളീധരന്‍ പറഞ്ഞത്, താന്‍ മികച്ചൊരു സ്പിന്നറാണെങ്കില്‍ ഈ ടെസ്റ്റില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ നേടുകയാണ് വേണ്ടതെന്നായിരുന്നുവെന്ന് സംഗക്കാര വെളിപ്പെടുത്തി. തങ്ങളെല്ലാം മുരളിയെ 800 വിക്കറ്റിലെത്തിച്ച് റിട്ടയര്‍ ചെയ്യിക്കാമെന്ന തീരുമാനത്തില്‍ നിന്നപ്പോള്‍ അദ്ദേഹം ഈ ടെസ്റ്റില്‍ തന്നെ എണ്ണൂറ് വിക്കറ്റ് ലക്ഷ്യത്തിലെത്തുകയാണ് ഒരു മികച്ച സ്പിന്നര്‍ എന്ന നിലയില്‍ താന്‍ കൈവരിക്കേണ്ട ലക്ഷ്യമെന്ന് സംഗക്കാര വ്യക്തമാക്കി.
ഈ പരമ്പരയില്‍ അല്ലെങ്കില്‍ അടുത്ത പരമ്പരയില്‍ രണ്ട് ടെസ്റ്റ് കൂടി കളിച്ച് 800 വിക്കറ്റ് ലക്ഷ്യത്തിലേക്ക് എത്തിയ ശേഷം വിരമിക്കലെന്ന് ഞങ്ങളുടെ നിര്‍ദ്ദേശം മുരളീധരന്‍ നിരസിക്കുകയായിരുന്നുവെന്നും സംഗക്കാര വ്യക്തമാക്കി. മുരളി പറഞ്ഞ പോലെ തന്നെ ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റും രണ്ടാമത്തെ ഇന്നിംഗ്സില്‍ 3 വിക്കറ്റും നേടി മുരളി എണ്ണൂറ് വിക്കറ്റിലേക്ക് എത്തുകയായിരുന്നു.
ഒരു ഘട്ടത്തില്‍ മുരളിയ്ക്ക് 799 വിക്കറ്റും ഇന്ത്യന്‍ ഇന്നിംഗ്സിലെ 9 വിക്കറ്റും നഷ്ടമായ അവസരത്തില്‍ മുരളിയുടെ 800 എന്ന മാന്ത്രിക ലക്ഷ്യം കൈവരിക്കാനാകാതെ പോകുമോ എന്ന നിമിഷങ്ങളുണ്ടായിരുന്നുവെങ്കിലും മുരളി തന്നെ ആ വിക്കറ്റും നേടി ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരം പത്ത് വിക്കറ്റിന് ശ്രീലങ്ക വിജയിക്കുകയായിരുന്നു.