മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് മുനാഫ് പട്ടേല്‍. ഇന്ത്യയ്ക്കായി മാര്‍ച്ച് 2006ല്‍ ഇംഗ്ലണ്ടിനെതിരെ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ താരം 2011 ലോകകപ്പ് ജേതാക്കളായ സ്ക്വാഡില്‍ അംഗമായിരുന്നു. ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളിലും 70 ഏകദിനങ്ങളിലും 3 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ മുനാഫ് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് 125 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. മുംബൈ, മഹാരാഷ്ട്,ര ബറോഡ, ഗുജറാത്ത് എന്നിവര്‍ക്കായി പ്രാദേശിക ക്രിക്കറ്റിലും താരം കളിച്ചിട്ടുണ്ട്.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനും മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നിവര്‍ക്കായും താരം കളിയ്ക്കുകയുണ്ടായി. കാര്‍‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു മുനാഫിന്റെ അവസാന മത്സരവും. ദുബായിയില്‍ നടക്കുന്ന ടി10 ലീഗില്‍ താന്‍ കളിയ്ക്കുമെന്നറിയിച്ച താരം അതിനു ശേഷം കോച്ചായി ക്രിക്കറ്റില്‍ തുടരുവാന്‍ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.