ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എം.എസ്. ധോണി ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ പിച്ചുകളുടെ ഗുണനിലവാരത്തെ വിമർശിച്ചു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ ടീമിന് നിർണായക വിജയം നേടിക്കൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു ധോണി. മോശം പിച്ചുകളാണ് ഹോം ഗ്രൗണ്ടിൽ ടീമിന്റെ ബാറ്റിംഗ് യൂണിറ്റിനെ പിന്നോട്ട് വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലഖ്‌നൗവിനെതിരായ ജയം സിഎസ്‌കെയുടെ തുടർച്ചയായ അഞ്ച് മത്സരങ്ങളുടെ തോൽവിക്ക് ശേഷമുള്ള ജയം ആയിരുന്നു. ധോണി 11 പന്തിൽ 26 റൺസുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും മികച്ച കീപ്പിംഗ് പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
“ബാറ്റർമാർക്ക് അവരുടെ ഷോട്ടുകൾ കളിക്കാൻ ആത്മവിശ്വാസം നൽകുന്ന അൽപ്പം മികച്ച വിക്കറ്റുകളിൽ നമ്മൾ കളിക്കേണ്ടി വരും. ഭയന്നുള്ള ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
ഈ സീസണിൽ സിഎസ്‌കെ കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്. നാല് ഹോം മത്സരങ്ങളിൽ മൂന്നിലും അവർ പരാജയപ്പെട്ടു. ചെന്നൈയിലെ പിച്ചിന്റെ പ്രവചനാതീതമായ സ്വഭാവത്തെക്കുറിച്ച് നേരത്തെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗും സമാനമായ ആശങ്കകൾ പങ്കുവെച്ചിരുന്നു.