മോമിനുള്‍ ഹക്കും ലിറ്റണ്‍ ദാസും ബംഗ്ലാദേശിനായി പൊരുതിയപ്പോള്‍ ചിറ്റഗോംഗ് ടെസ്റ്റ് സമനിലയിലായി. ഒരു ടെസ്റ്റിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ ആദ്യ ബംഗ്ലാദേശ് താരമായി മാറുകയായിരുന്നു 105 റണ്‍സ് നേടി പുറത്താകുമ്പോള്‍ മോമിനുള്‍ ഹക്ക്. ഒപ്പം ലിറ്റണ്‍ ദാസും(94) പൊരുതിയപ്പോള്‍ ലങ്കയോട് തോല്‍വി വഴങ്ങില്ല എന്ന് ബംഗ്ലാദേശ് ഉറപ്പാക്കി.
200 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ലങ്കയ്ക്കെതിരെ 81/3 എന്ന നിലയിലേക്ക് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നിരുന്നു. നാലാം വിക്കറ്റില്‍ 180 റണ്‍സാണ് മോമിനുള്‍-ലിറ്റണ്‍ ദാസ് കൂട്ടുകെട്ട് നേടിയത്. 105 റണ്‍സ് നേടിയ മോമിനുളിനെ ധനന്‍ജയ ഡിസില്‍വയാണ് പുറത്താക്കിയത്. ഏറെ വൈകാതെ ലിറ്റണ്‍ ദാസിനെ രംഗന ഹെരാത്ത് പുറത്താക്കി. എന്നാല്‍ മഹമ്മദുള്ളയും(28*), മൊസ്ദൈക്ക് ഹൊസൈനും(8*) കൂടുതല്‍ നഷ്ടമില്ലാതെ അഞ്ചാം ദിവസം അവസാനിപ്പിക്കുവാന്‍ ബംഗ്ലാദേശിനെ സഹായിച്ചു. രണ്ടാം ഇന്നിംഗ്സില്‍ നൂറ് ഓവറുകള്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 307/5 എന്ന നിലയിലാണ് മത്സരം അവസാനിപ്പിച്ചത്.
ലങ്കയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ ഹെരാത്ത് രണ്ടും ധനന്‍ജയ ഡി സില്‍വ, ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി
ബംഗ്ലാദേശ്: 513, 307/5
ശ്രീലങ്ക: 713/9
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial