വിരാട് കോഹ്‌ലിയുടെ സ്ഥിരത പഠിച്ചെടുക്കണമെന്ന് മലയാളി താരം മുഹമ്മദ് അസ്ഹറുദ്ധീൻ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സ്ഥിരത പഠിച്ചെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആർ.സി.ബിയുടെ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ധീൻ. റോയൽ ചലഞ്ചേഴ്‌സ് തന്റെ പ്രിയപ്പെട്ട ടീം ആണെന്നും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കൂടെ കളിക്കുകയെന്നത് തനിക്ക് വളരെ പ്രിയപ്പെട്ട ഒരു കാര്യമാണെന്നും കേരള താരം പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ കീഴിൽ കളിക്കുകയെന്ന തന്റെ സ്വപ്നമാണ് പൂവണിയാൻ പോവുന്നതെന്നും വിരാട് കോഹ്‌ലിയിൽ നിന്ന് ഫിറ്റ്നസിന്റെയും ബാറ്റിങ്ങിന്റെയും പാഠങ്ങൾ പഠിക്കണമെന്നും അസ്ഹറുദ്ധീൻ പറഞ്ഞു. ഒരു ക്രിക്കറ്റ് താരം എങ്ങനെ സ്ഥിരത പുലർത്തണമെന്ന കാര്യത്തിൽ താൻ വിരാട് കോഹ്‌ലിയോട് ചോദിച്ച് മനസ്സിലാക്കുമെന്നും അസ്ഹറുദ്ധീൻ കൂട്ടിച്ചേർത്തു. ആദ്യന്തര സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം മുഹമ്മദ് അസ്ഹറുദീനെ ബേസ് തുകയായ 20 ലക്ഷം മുടക്കിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത്.