ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ലോകകപ്പ് സൂപ്പർ ലീഗിലെ മുഴുവൻ പോയിന്റും നേടാൻ സാധിച്ചിരുന്നില്ല. അവസാന മത്സരം തോറ്റതോടെ ടീമിന് പത്ത് പോയിന്റ് നഷ്ടമാകുകയും ശ്രീലങ്ക തങ്ങളുടെ ആദ്യത്തെ ലോകകപ്പ് സൂപ്പർ ലീഗ് പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. മുപ്പത് പോയിന്റ് നേടുവാനുള്ള അവസരം നഷ്ടപ്പെടുത്തിയ ബംഗ്ലാദേശിന് ഇത് അവസാനം തിരിച്ചടിയായി മാറുമോ എന്ന ഭയം ആണ് ടീം ക്യാപ്റ്റൻ തമീം ഇക്ബാൽ പങ്കുവെച്ചത്.
ശ്രീലങ്കയ്ക്കെതിരെ ചരിത്രത്തിലാദ്യമായി ഒരു ബൈലാറ്ററൽ പരമ്പര സ്വന്തമാക്കിയെങ്കിലും ഈ കൈവിട്ട പത്ത് പോയിന്റുകൾ നിരാശ നൽകുന്നുവെന്നാണ് തമീം പറഞ്ഞത്. പരമ്പര വിജയിച്ചുവെങ്കിലും ഈ പത്ത് പോയിന്റ് നിർണ്ണായകമായിരുന്നുവെന്നും വൈറ്റ് വാഷ് വിജയം നേടേണ്ടത് ബംഗ്ലാദേശിന് വളരെ ആവശ്യമായിരുന്നുവെന്നും തമീം മത്സരശേഷം പറഞ്ഞു. ഈ നഷ്ടമായ പത്ത് പോയിന്റ് എപ്പോൾ തിരിഞ്ഞ് കൊത്തുമെന്ന് ഒരിക്കലും പറയാനാകില്ലെന്നും തമീം വ്യക്തമാക്കി.
ബംഗ്ലാദേശ് വേണ്ട രീതിയിൽ ബാറ്റ് വീശിയില്ലെന്നും ആദ്യ രണ്ട് മത്സരങ്ങളിലും മുഷ്ഫിക്കുറും മഹമ്മുദുള്ളയും ആണ് ടീമിന്റെ രക്ഷകരായതെന്നും താൻ മുമ്പ് പറഞ്ഞ പോലെ പരമ്പര വിജയിച്ചുവെങ്കിലും ടീമിന്റെ മികച്ച പ്രകടനം ഇതുവരെ വന്നിട്ടില്ലെന്നും തമീം സൂചിപ്പിച്ചു.