ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് തന്റെ അമിത ആക്രമണ സ്വഭാവമുള്ള ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തണമെന്നും അല്ലാത്തപക്ഷം ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായേക്കാമെന്നും മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര മുന്നറിയിപ്പ് നൽകി. എതിരാളികൾ ഇപ്പോൾ പന്തിന്റെ കളി സൂക്ഷ്മമായി പഠിക്കുന്നുണ്ടെന്നും അതിനാൽ ഒരേ രീതിയിൽ വിക്കറ്റ് വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പന്തിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-2 ന് തോറ്റതും രണ്ട് മത്സരങ്ങളിൽ നിന്ന് പന്തിന് വെറും 49 റൺസ് മാത്രം നേടാനായതും ചൂണ്ടിക്കാട്ടിയായിരുന്നു മിശ്രയുടെ പ്രതികരണം.
“റിഷഭ് പന്തിൽ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്, പക്ഷേ അദ്ദേഹം തന്റെ കളിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ‘ഇതാണ് എന്റെ ശൈലി, ഞാൻ ഇങ്ങനെയാണ് കളിക്കുന്നത്’ എന്ന് നിങ്ങൾക്ക് എപ്പോഴും പറയാനാകില്ല. ചില പിച്ചുകളിൽ ചില ഷോട്ടുകൾ ഫലിക്കില്ല എന്ന് കണ്ടാൽ അത് ഒഴിവാക്കണം. ഒരേ രീതിയിൽ നാലോ അഞ്ചോ മത്സരങ്ങളിൽ കൂടി പുറത്തായാൽ ഒടുവിൽ നിങ്ങൾ ടീമിന് പുറത്താകും,” ഒരു പോഡ്‌കാസ്റ്റിൽ മിശ്ര വ്യക്തമാക്കി.
പന്തിന്റെ സ്വാഭാവിക ശൈലി ടീമിന് ഗുണകരമാണെങ്കിലും സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്ത് പഠിക്കുന്നത് 2026-ലെ ശ്രീലങ്കൻ പര്യടനം പോലുള്ള വലിയ വെല്ലുവിളികളിൽ താരത്തിന് തുണയാകുമെന്നും മിശ്ര കൂട്ടിച്ചേർത്തു.









