ഇന്ത്യൻ ബൗളിങ്ങിൽ തനിക്ക് ഇപ്പോഴും വിശ്വാസം ഉണ്ടെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം

Staff Reporter

ഇന്ത്യൻ ബൗളിങ്ങിൽ തനിക്ക് ഇപ്പോഴും വിശ്വാസം ഉണ്ടെന്ന് ഓസ്‌ട്രേലിയൻ ബൗളിംഗ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ബൗളിങ്ങിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് ഗ്ലെൻ മഗ്രാത്തിന്റെ പ്രതികരണം.

മോശം ഫോമിലൂടെ കടന്നുപോവുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെയും മഗ്രാത്ത് പിന്തുണച്ചു. ഇന്ത്യക്ക് മികച്ച ബൗളിംഗ് നിരായുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റിൽ താൻ ജസ്പ്രീത് ബുംറയുടെ ആരാധകൻ ആണെന്നും മഗ്രാത്ത് പറഞ്ഞു. ഇന്ത്യൻ ബൗളർമാർ ഫോമിലേക്ക് തിരിച്ചു വരുമെന്നും ഒരു ടെസ്റ്റിലെ പ്രകടനം അടിസ്ഥാനമാക്കി ഇന്ത്യൻ ബൗളിംഗ് മോശം ആണെന്ന് പറയാൻ പറ്റില്ലെന്നും മഗ്രാത്ത് പറഞ്ഞു.

ഇന്ത്യൻ നിരയിൽ ഇഷാന്ത് ശർമ്മക്കും ബുംറക്കുമേറ്റ പരിക്കിനെ പറ്റി സൂചിപ്പിച്ച മഗ്രാത്ത് ഇപ്പോഴും ഇന്ത്യൻ ബൗളിംഗ് ലോകോത്തരമാണെന്നും പറഞ്ഞു. ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മഗ്രാത്ത് പറഞ്ഞു.