രക്ഷകനായി “ദി ബിഗ് ഷോ” മാക്സ്വെൽ!!! ആദ്യ ഏകദിനത്തിൽ കടന്ന് കൂടി ഓസ്ട്രേലിയ

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 42.3 ഓവറിൽ ഓസ്ട്രേലിയ വിജയം കൈക്കലാക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ബാറ്റിംഗ് മികവാണ് തോൽവിയിൽ നിന്ന് ടീമിനെ രക്ഷിച്ചത്.

മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ 44 ഓവറിൽ ഓസ്ട്രേലിയയുടെ ലക്ഷ്യം 282 റൺസാക്കി പുതുക്കി നൽകുകയായിരുന്നു. ശ്രീലങ്ക നേരത്തെ ആദ്യം ബാറ്റ് ചെയ്ത് 300/7 എന്ന സ്കോറാണ് നേടിയത്.

വനിന്‍ഡു ഹസരംഗ 4 വിക്കറ്റ് നേടിയാണ് ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കിയത്. തുടക്കത്തിൽ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം ആരോൺ ഫിഞ്ചും(44) സ്റ്റീവ് സ്മിത്തും(53) ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും വിക്കറ്റുകള്‍ ഒരു വശത്ത് വീണപ്പോള്‍ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ പ്രയാസമേറിയതായി മാറി. മാര്‍ക്കസ് സ്റ്റോയിനിസ്(44) ആണ് മറ്റൊരു പ്രധാന സ്കോറര്‍.

Hasaranga

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും റൺറേറ്റ് ഉയരാതെ വരുതിയിൽ നിര്‍ത്തി ബാറ്റ് വീശിയ മാക്സ്വെൽ 51 പന്തിൽ 80 റൺസാണ് നേടിയത്. 6 ഫോറും 6 സിക്സും അടക്കമായിരുന്നു മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനം.