മഷ്റഫെ മൊര്‍തസ ബംഗ്ലാദേശ് ഇതിഹാസമാണെന്ന് പറഞ്ഞ് ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തമീം ഇക്ബാല്‍. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ബംഗ്ലാദേശ് താരം ബംഗ്ലാദേശിനായി 36 ടെസ്റ്റുകള്‍, 220 ഏകദിനങ്ങള്‍, 52 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ എന്നിവയില്‍ നിന്ന് യഥാക്രമം 78, 270, 42 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. താരത്തിന്റെ റിട്ടയര്‍മെന്റ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും താരത്തിന് ഇനിയും ഏകദിന ടീമില്‍ പ്രധാന റോളുണ്ടെന്നാണ് തമീം ഇക്ബാല്‍ പറയുന്നത്.
താനാണ് ക്യാപ്റ്റനെങ്കില്‍ ആദ്യം ടീമില്‍ എടുക്കുക മൊര്‍തസയെ ആവുമെന്ന് തമീം വ്യക്തമാക്കി. ടീം സെലക്ഷന്റെ ആദ്യ മീറ്റിംഗില്‍ താന്‍ ആവശ്യപ്പെടുവാന്‍ പോകുന്നത് ഇതായിരിക്കുമെന്നാണ് തമീം വ്യക്തമാക്കിയത്. മൊര്‍തസയ്ക്ക് സെലക്ടര്‍മാരും മറ്റു ടീമംഗങ്ങളും നല്‍കുന്ന ബഹുമാനം താരം നേടിയെടുത്തത് തന്റെ പ്രകടനങ്ങളിലുടെയാണെന്നും തനിക്കും അത്തരത്തില്‍ ബഹുമാനം നേടണമെന്നാണ് ആഗ്രഹമെന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി.
താന്‍ മാത്രമല്ല ടീമിലുള്ള ആര് ക്യാപ്റ്റനായാലും മൊര്‍തസയെ തിരഞ്ഞെടുക്കുമെന്നും തമീം വ്യക്തമാക്കി. എന്നാല്‍ അടുത്തിടെ ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ വ്യക്തമാക്കിയത് ഇനിയങ്ങോട്ട് യുവ താരങ്ങള്‍ക്കാവും കൂടുതല്‍ അവസരം നല്‍കുകയെന്നതായിരുന്നു. 2019 ലോകകപ്പിലും മൊര്‍തസയ്ക്ക് ഒരു വിക്കറ്റ് മാത്രമാണ് നേടുവാനായത്.