ഗ്രാന്റ് ഫ്ലവര്‍ തനിക്ക് ക്യാപ്പ് തന്നതും മറ്റു നേട്ടങ്ങളും ഓര്‍ത്തെടുത്ത് മസകഡ്സ

തന്റെ കരിയറിലെ അനശ്വര മുഹൂര്‍ത്തങ്ങളെ ഓര്‍ത്തെടുത്ത് ഹാമിള്‍ട്ടണ്‍ മസകഡ്സ. സിംബാബ്‍വേയുടെ വിജയത്തിന് ശേഷം സമ്മാനദാന ചടങ്ങിനിടെയാണ് തന്റെ കരിയറില്‍ താന്‍ കടന്ന് പോയ നിമിഷങ്ങളെക്കുറിച്ച് താരം വാചാലനായത്. സിംബാബ്‍വേയ്ക്കായി ഏറ്റവും അധികം മത്സരിക്കുന്ന താരം വേറിട്ട് നില്‍ക്കുന്ന കാര്യമാണെന്ന് പറഞ്ഞ ഹാമിള്‍ട്ടണ്‍ ബുലവായോയില്‍ പാക്കിസ്ഥാനെതിരെ തനിക്ക് അരങ്ങേറ്റത്തിനുള്ള ക്യാപ് ഗ്രാന്റ് ഫ്ലവര്‍ നല്‍കിയത് താന്‍ ഇപ്പോളും ഓര്‍ത്ത് നോക്കുന്ന സന്ദര്‍ഭം ആണെന്ന് പറഞ്ഞു.

ശ്രീലങ്കയിലെ ആദ്യത്തെ വിദേശ വിജയം, താന്‍ ടെസ്റ്റ് ക്യാപ്റ്റനായപ്പോള്‍ നേടിയ ആദ്യ വിജയം ഇത്തരത്തില്‍ രണ്ട് മൂന്ന് അവസരങ്ങളെക്കുറിച്ച് താരം ഓര്‍ത്തെടുത്ത് പറഞ്ഞു. താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുവാന്‍ ശ്രമിക്കുമെന്നും ക്രിക്കറ്റിനും യുവ താരങ്ങള്‍ക്കും താന്‍ തിരിച്ച് നല്‍കുന്ന സേവനം മാത്രമാണ് ഇതെന്നും ഹാമിള്‍ട്ടണ്‍ മസകഡ്സ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് കൂടുതല്‍ താരങ്ങളെ കണ്ടെത്തി കൊണ്ടുവരണമെന്നും മസകഡ്സ പറഞ്ഞു.

തന്റെ ടീമിനും തനിക്ക് എന്നും പിന്തുണ നല്‍കിയവര്‍ക്കും നന്ദി അറിയിച്ചാണ് ഹാമിള്‍ട്ടണ്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. സിംബാബ്‍വേയ്ക്കായി 66 ടി20യും 38 ടെസ്റ്റുകളും 209 ഏകദിനങ്ങളും ഉള്‍പ്പെടെ 313 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് സിംബാബ്‍വേയ്ക്കായി ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച താരമായാണ് ഹാമിള്‍ട്ടണ്‍ മസകഡ്സ മടങ്ങുന്നത്. 9543 അന്താരാഷ്ട്ര റണ്‍സ് നേടിയ താരം സിംബാബ്‍വേ ചരിത്രത്തിലെ മൂന്നാമത്തെ റണ്‍ സ്കോറര്‍ ആണ്.