മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 7 വിക്കറ്റിന്റെ വലിയ വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് ഇന്നത്തെ വിജയം ഏറെ നിര്‍ണ്ണായകമായിരുന്നു. ചെന്നൈ 187 റൺസ് നേടിയപ്പോള്‍ 16.4 ഓവറിലാണ് ലക്നൗ ഈ സ്കോര്‍ മറികടന്നത്. 3 വിക്കറ്റ് നഷ്ടത്തിൽ ടീം ഈ സ്കോര്‍ നേടിയപ്പോള്‍ മിച്ചൽ മാര്‍ഷ് 90 റൺസുമായി ടീമിന്റെ വിജയ ശില്പിയായി. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ട്.
മിച്ചൽ മാര്‍ഷും ജോഷ് ഇംഗ്ലിസും വെടിക്കെട്ട് തുടക്കം ലക്നൗവിനായി നൽകിയപ്പോള്‍ മാര്‍ഷ് ആണ് അതിവേഗത്തിൽ സ്കോറിംഗ് നടത്തിയത്. പവര്‍പ്ലേയിൽ 86 റൺസ് നേടിയ ഈ കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 70 പന്തിൽ നിന്ന് 135 റൺസാണ് നേടിയത്.
എന്നാൽ 12ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ഇംഗ്ലിസും മാര്‍ഷും പുറത്താകുകയായിരുന്നു. 32 പന്തിൽ 36 റൺസ് നേടിയ ഇംഗ്ലിസിനെ മുകേഷ് ചൗധരി പുറത്താക്കിയപ്പോള്‍ അടുത്ത പന്തിൽ 38 പന്തിൽ 90 റൺസ് നേടിയ മിച്ചൽ മാര്‍ഷ് റണ്ണൗട്ട് രൂപത്തിൽ പുറത്തായി. പൂരന്‍ അടിച്ച സ്ട്രെയിറ്റ് ഡ്രൈവ് മുകേഷ് ചൗധരിയുടെ കൈയ്യിൽ തട്ടി വിക്കറ്റിൽ കൊള്ളുമ്പോള്‍ നോൺ സ്ട്രൈക്കര്‍ ക്രീസിന് വെളിയിലായിരുന്നു മിച്ചൽ മാര്‍ഷ്.
ഇരുവരും പുറത്തായ ശേഷം സമദിന്റെ വിക്കറ്റ് കൂടി ലക്നൗവിന് നഷ്ടമായെങ്കിലും കൂടുതൽ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ നിക്കോളസ് പൂരന് സാധിച്ചു. 17 പന്തിൽ 32 റൺസാണ് പൂരന്‍ നേടിയത്.

ചെന്നൈ ബൗളിംഗിൽ അന്‍ഷുൽ കാംബോജിനാണ് കണക്കറ്റ് പ്രഹരം ലഭിച്ചത്. താരത്തിനെ മിച്ചൽ മാര്‍ഷ് ഒരോവറിൽ 4 സിക്സിന് പായിച്ചപ്പോള്‍ വിജയം നേടിയ ഓവറിൽ നിക്കോളസ് പൂരനും നാല് സിക്സുകള്‍ താരത്തിനെതിരെ നേടി.