ഐസിസിയ്ക്ക് ഇനി പുതിയ മേധാവി

Sports Correspondent

ഡേവിഡ് റിച്ചാര്‍ഡ്സണില്‍ നിന്ന് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവായി ചുമതലയേറ്റ് മനു സാവ്‍നേ. നേരത്തെ തന്നെ ഈ തീരുമാനം വന്നതാണെങ്കിലും ലോകകപ്പ് അവസാനത്തോടെ മാത്രമേ മാറ്റമുണ്ടാകൂ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ മനു ഉടനടി ചുമതലേല്‍ക്കുന്നു എന്നാണ് ഐസിസി വ്യക്തമാക്കിയത്. കഴിഞ്ഞ ആറാഴ്ചയായി മനു സാവ്നേ ഡേവിഡ് റിച്ചാര്‍ഡ്സണോടൊപ്പം പ്രവര്‍ത്തിച്ച് വരികയായിരുന്നു. റിച്ചാര്‍ഡ്സണ്‍ പുരുഷ ഏകദിന ലോകകപ്പ് കഴിയുന്നത് വരെ സഹായത്തിനായി മനുവിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.

ഡേവിഡ് റിച്ചാര്‍ഡ്സണില്‍ നിന്ന് ചുമതല ഏറ്റെടുക്കുവാനായതില്‍ സന്തോഷമുണ്ടെന്നാണ് സാവ്നേ പറഞ്ഞത്. അതേ സമയം ഡേവിഡ് ലോകകപ്പ് കഴിയുന്നത് വരെ തന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ ഒപ്പമുണ്ടാകുമെന്നത് ഏറെ സന്തോഷം തരുന്നുവെന്നും മനു സാവ്‍നേ വ്യക്തമാക്കി.