കളിക്കാരനെന്ന നിലയില്‍ ഐപിഎലിലെ തന്റെ കരിയര്‍ അവസാനിച്ചെന്നറിയിച്ച് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ. ശ്രീലങ്കയുടെ മോശം ഫോമും താരത്തിന്റെ പരിക്കും എല്ലാം തന്റെ കരിയറിനെ വല്ലാതെ ബാധിച്ചു എന്ന് അഭിപ്രായപ്പെട്ട മലിംഗ ശ്രീലങ്കയ്ക്കായും താന്‍ ഇനി അധിക കാലം കളത്തിലുണ്ടാകുമോ എന്നറിയില്ല എന്ന് പറഞ്ഞു. മാനസികമായി താന്‍ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അവസാനിപ്പിച്ചു കഴിഞ്ഞു. റിട്ടയര്‍മെന്റ് തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മലിംഗ് പറഞ്ഞു.
ഐപിഎല്‍ 2018ല്‍ ആരും തന്നെ ടീമിലെടുക്കാതിരുന്ന മലിംഗ മുംബൈ ഇന്ത്യന്‍സില്‍ തന്നെ ബൗളിംഗ് മെന്ററായി എത്തുകയായിരുന്നു. 34 വയസ്സാണ് തനിക്ക്, ചെറുപ്പമാവുകയല്ല. മുംബൈ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ടീമാണ് ഒരുക്കുവാനൊരുങ്ങുന്നത്. താന്‍ അതിന്റെ ഭാഗമല്ലെന്ന് തനിക്ക് തന്നെ അറിയാമായിരുന്നു. എന്നെ ആരും എടുക്കാത്തതില്‍ യാതൊരു അത്ഭുതവുമില്ലെന്നാണ് മലിംഗ പറഞ്ഞത്.
മലിംഗയോട് ദേശീയ ടീമില്‍ എത്തുവാന്‍ ഫിറ്റ്നെസ് തെളിയിക്കണമെന്നും ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുവാനുമാണ് ലങ്കന്‍ സെലക്ടര്‍മാര്‍ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയ്ക്കെതിരെയായിരുന്നു മലിംഗയുടെ അവസാന ഏകദിനവും ടി20യും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial