ബംഗ്ലാദേശിനെതിരെ തന്റെ ആദ്യ ക്യാപ്റ്റന്‍സി ദൗത്യത്തില്‍ കുശല്‍ പെരേരയ്ക്ക് പരാജയം ആണ് രുചിയ്ക്കേണ്ടി വന്നത്. എന്നാല്‍ ടീമിന്റെ തോല്‍വിയില്‍ സങ്കടമുണ്ടെങ്കിലും ഒട്ടനവധി പോസിറ്റീവുകള്‍ കണ്ടെത്തുവാന്‍ കഴിയും എന്നതില്‍ സന്തോഷമുണ്ടെന്നാണ് ശ്രീലങ്കന്‍ നായകന്‍ പറഞ്ഞത്.
ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതും വനിന്‍ഡു ഹസരംഗയുടെ ഇന്നിംഗ്സും ലങ്കയ്ക്ക് ആശ്വാസം നല്‍കുന്ന കാര്യങ്ങളാണെന്നും പെരേര പറഞ്ഞു. ബംഗ്ലാദേശ് നിരയില്‍ ഒട്ടനവധി സീനിയര്‍ താരങ്ങളുണ്ടെന്നും ഒട്ടും പരിചയസമ്പത്ത് ഇല്ലാതിരുന്ന ബൗളര്‍മാര്‍ ആ സംഘത്തെ 257 റണ്‍സില്‍ ഒതുക്കിയത് വലിയ കാര്യമാണെന്ന് കുശല്‍ പെരേര വ്യക്തമാക്കി.
ബാറ്റിംഗ് യൂണിറ്റില്‍ നിന്ന് അല്പം കൂടി ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളില്‍ ഹസരംഗയെ ബാറ്റിംഗിലെ ഉയര്‍ന്ന റേറ്റിംഗോടെയാണ് ടീം മാനേജ്മെന്റ് കാണുന്നതെന്നും പത്ത് ഓവറുകള്‍ എറിഞ്ഞ ശേഷം മികച്ച രീതിയിലാണ് ഹസരംഗ ബാറ്റ് വീശിയതെന്നും പെരേര വ്യക്തമാക്കി.
തന്റെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ 30-35 ഓവര്‍ വരെയെങ്കിലും ക്രീസില്‍ ചെലവഴിക്കണമെന്നും അതില്ലാത്തതില്‍ വളരെ സങ്കടം തോന്നിയെന്നും പെരേര പറഞ്ഞു.