ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് പരാജയം. ഏഷ്യൻ ലയൺസ് 10 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഏഷ്യൻ ലയൺസ് ഉയർത്തിയ 166 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ മഹാരാജസിനെ 20 ഓവറിൽ 154/8 റൺസ് മാത്രമെ എടുക്കാനായുള്ളൂ. ഇന്ത്യക്ക് വേണ്ടി ഗംഭീർ 39 പന്തിൽ നിന്ന് 52 റൺസ് എടുത്ത് തിളങ്ങി എങ്കിലും അത് മതിയായില്ല. മുരളി വിജയ് 25 റൺസും കൈഫ് 22 റൺസും എടുത്തു. അവസാനം ഇർഫാൻ പത്താൻ 9 പന്തിൽ 19 റൺസ് എടുത്തു എങ്കിലും വിജയത്തിലേക്ക് എത്തിയില്ല.
ഇന്ത്യ മഹാരാജസിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഏഷ്യ ലയൺസ് 165/6 എന്ന മികച്ച സ്‌കോറാണ് ഉയർത്തിയത്. തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായെങ്കിലും, 50 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 73 റൺസ് നേടിയ മിസ്ബാ ഉൾ ഹഖിന്റെ ഗംഭീരമായ പ്രകടനമാണ് ഏഷ്യ ലയൺസിന് കരുത്തായത്.
എന്നിരുന്നാലും, കൃത്യമായ ഇടവേളകളിൽ ഏഷ്യ ലയൺസിന് വിക്കറ്റുകൾ നഷ്ടമായി, ദിൽഷനും അഫ്രീദിയും എല്ലാം ഇന്ന് നിരാശപ്പെടുത്തി. ഇന്ത്യ മഹാരാജാസ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്, സ്റ്റുവർട്ട് ബിന്നിയും പർവീന്ദർ അവാനയും രണ്ട് വിക്കറ്റ് വീതവും ഇർഫാൻ പത്താനും അശോക് ഡിൻഡയും ഓരോ വിക്കറ്റും വീഴ്ത്തി.