നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്‌ലിയെ മാറ്റേണ്ട ആവശ്യം ഇല്ലെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. നിശ്ചിത ഓവർ മത്സരങ്ങളിൽ രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആകണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ലക്ഷ്മൺ.
രോഹിത് ശർമ്മ ഒരു മികച്ച ക്യാപ്റ്റൻ ആണെന്നതിൽ യാതൊരു സംശയം ഇല്ലെന്നും വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി വളരെ മികച്ചതായിരുന്നെന്നും ലക്ഷ്മൺ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് 5 തവണ ഐ.പി.എൽ കിരീടം നേടി കൊടുത്തത് ചെറിയ കാര്യമല്ലെന്നും മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമ്മ മികച്ച ടീമിനെയാണ് സൃഷ്ടിച്ചതെന്നും ലക്ഷ്മൺ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവുനുള്ള എല്ലാ വിധ കഴിവും രോഹിത് ശർമക്ക് ഉണ്ടെന്നും എന്നാൽ നിലവിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി മാറ്റേണ്ട ആവശ്യം ഇല്ലെന്നും ലക്ഷ്മൺ പറഞ്ഞു. നിലവിൽ വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അതുകൊണ്ട് തന്നെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റം വേണമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ലക്ഷ്മൺ പറഞ്ഞു.