കൊറോണ വൈറസ് ബാധ പടരുന്നതിനിടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെപ്റ്റംബറിൽ ലങ്ക പ്രീമിയർ ലീഗ് നടത്താൻ ശ്രമം നടത്തുന്നതായി വാർത്തകൾ. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 4 വരെയുള്ള തിയ്യതികളിൽ മത്സരം തുടങ്ങാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം.
ലങ്ക പ്രീമിയർ ലീഗിന്റെ ആദ്യ എഡിഷൻ കൂടിയാവും ഈ ടൂർണമെന്റ്. നിലവിൽ അഞ്ച് ടീമുകളെ ഉൾപ്പെടുത്തി ടൂർണമെന്റ് നടത്താനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്. ഓരോ ടീമിലും 16 താരങ്ങളെയും 10 സപ്പോർട്ടിങ് സ്റ്റാഫിനെയും ഉൾപ്പെടുത്താം. ഓരോ ടീമിലും 6 വിദേശ താരങ്ങളെയും ഉൾപ്പെടുത്തിയാകും ലങ്ക പ്രീമിയർ ലീഗ് നടത്തുക.
ശ്രീലങ്കയുടെ ദേശീയ ടി20 ടൂർണമെന്റായി ലങ്ക പ്രീമിയർ ലീഗിനെ മാറ്റാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവെച്ച ഐ.പി.എൽ ശ്രീലങ്കയിൽ വെച്ച് നടത്താമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐക്ക് കത്തയിച്ചിരുന്നു.