340 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഓസ്ട്രേലിയ. ഗാബ ടെസ്റ്റിന്റെ മൂന്നാം ദിവസം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 580 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുകയെന്ന വലിയ കടമ്പയാണ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് 64/3 എന്ന നിലയിലാണ്. 27 റണ്‍സുമായി ഷാന്‍ മസൂദും 20 റണ്‍സുമായി ബാബര്‍ അസമുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 39 റണ്‍സ് നേടിയിട്ടുണ്ട്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന് 276 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.
രണ്ടാം ദിവസത്തെ സ്കോറായ 312/1 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറെയാണ് ആദ്യം നഷ്ടമായത്. 154 റണ്‍സ് നേടിയ താരത്തെ നസീം ഷാ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ സ്റ്റീവന്‍ സ്മിത്തിനെ യസീര്‍ ഷാ പുറത്താക്കി.
പിന്നീട് 110 റണ്‍സ് കൂട്ടുകെട്ട് നേടിയ ലാബൂഷാനെ-മാത്യുവെയ്ഡ് കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു. ഹാരിസ് സൊഹൈല്‍ 60 റണ്‍സ് നേടിയ വെയിഡിനെയും 24 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെയും പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയന്‍ വാലറ്റത്തെ യസീര്‍ ഷാ പുറത്താക്കി.
185 റണ്‍സ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍ ആയ മാര്‍നസ് ലാബൂഷാനെയുടെ വിക്കറ്റ് ഷഹീന് അഫ്രീദിയ്ക്കായിരുന്നു. ഷഹീന് ടിം പെയിനിന്റെ വിക്കറ്റും നേടിയിരുന്നു. ഏഴാം വിക്കറ്റായി ലാബൂഷാനെ പുറത്തായ ശേഷം തന്റെ നാല് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി യസീര്‍ ഷാ ഓസ്ട്രേലിയയെ 580 റണ്‍സിന് ഓള്‍ഔട്ട് ആക്കി.