ഇന്ത്യക്ക് ആയി ലോകകപ്പിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഓപ്പണിങ് ഇറങ്ങാൻ സാധ്യത. ഇന്ത്യൻ ടീം മാനേജ്മെൻറ് ഇരുവരെയും ഓപ്പണിങ് ഇറക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലും വെസ്റ്റിൻഡീസിലും ആയി നടക്കുന്ന ലോകകപ്പിൽ ഇരുവരും ആകും ഓപ്പൺ ചെയ്യുക എന്നും ഇത് സംബന്ധിച്ച് ദ്രാവിഡും അഗാർക്കറും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിരാട് കോലി ഇപ്പോൾ ആർസിബിക്ക് ആയി ഐപിഎല്ലിൽ ഓപ്പൺ ചെയ്യുന്നുണ്ട്. ഓപ്പൺ ചെയ്ത് അവിടെ മികച്ച പ്രകടനവും അദ്ദേഹം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കോലിയും രോഹിത്തും ഓപ്പൺ ചെയ്യുന്നതായിരിക്കും നല്ലത് എന്നാണ് മാനേജ്മെൻറ് ആലോചിക്കുന്നത്. ജയസ്വാളിന്റെ മോശം ഫോമും ഇത്തരം ചർച്ചകൾക്ക് കാരണമാണ്. ഇരുവരും ഓപ്പൺ ചെയ്യുകയാണെങ്കിൽ മൂന്നാമൻ ആയോ അല്ലെങ്കിൽ പകരം ഓപ്പണറായോ ഗില്ലിനെ പരിഗണിക്കും.
ഹാർദിക് പാണ്ഡ്യയ്ർ ടീമിൽ എടുക്കണമെങ്കിൽ അദ്ദേഹം ബൗൾ ചെയ്യുമെന്ന് ഉറപ്പിക്കണം എന്നും ടീമിൻറെ ഇടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഹാർദിക് 4 ഓവർ ബൗൾ ചെയ്യുക എന്നത് ടീമിൻറെ ഘടനയ്ക്ക് അത്യാവശ്യമാണെന്ന് ടീം കരുതുന്നു. ഇത് സംബന്ധിച്ച് മുംബൈ ഇന്ത്യൻ ടീമിനും ഹാർദികിനും ഇന്ത്യൻ മാനേജ്മെൻറ് നിർദ്ദേശങ്ങൾ നൽകും.
രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം നടത്തുന്ന റിയാൻ പരാഗിനെ ഇന്ത്യൻ ടീമിലേക്ക് എടുക്കാനും ആലോചനകൾ നടക്കുന്നുണ്ട്. ഈ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് പരാഗ്. ഇന്ത്യയുടെ ലോകകപ്പ് ടീം അടുത്തമാസം പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ കഴിഞ്ഞ് ആറു ദിവസങ്ങളുടെ ഇടവേള മാത്രമേ ലോകകപ്പിന് മുന്നെ ഉള്ളൂ.