2012 ഓസ്ട്രേലിയന്‍ ടൂറിനിടെ സിഡ്നിയില്‍ കാണികള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചതിനു ശിക്ഷയില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് മാപ്പപേക്ഷിച്ചതിനോടാണെന്ന് ഓര്‍ത്തെടുത്ത് കോഹ്‍ലി. 2012ല്‍ ആ ചിത്രങ്ങള്‍ ഏറെ വിവാദമായിരുന്നുവെങ്കിലും താരത്തിനു കെവിന്‍ പീറ്റേര്‍സണ്‍(കോഹ്‍ലിയുടെ അന്നത്തെ ഐപിഎല്‍ സഹതാരം) അമിതാഭ് ബച്ചന്‍ എന്നിവരില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു. തന്റെ അമ്മയെയും അനിയത്തിയെയും കുറിച്ച് കാണികള്‍ അനാവശ്യം പറഞ്ഞതിനാണ് അന്ന് അങ്ങനെ ചെയ്തതെന്നാണ് കോഹ്‍ലി അന്ന് ട്വിറ്ററില്‍ നല്‍കിയ വിശദീകരണം.
അടുത്തിടെ വിസ്ഡന്‍ ക്രിക്കറ്റ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോഹ്‍ലി അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്. അന്നത്തെ സംഭവത്തിനു ശേഷം അടുത്ത ദിവസം മാച്ച് റഫറി രഞ്ജന്‍ മഡുഗലെയുടെ റൂമിലേക്ക് കോഹ്‍ലിയെ വിളിപ്പിച്ച ശേഷം പത്രങ്ങളില്‍ വന്ന ചിത്രം കാണിച്ചപ്പോള്‍ താന്‍ മാപ്പപേക്ഷിച്ചുവെന്നും തന്നെ വിലക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും കോഹ്‍ലി പറഞ്ഞു.
രഞ്ജന്‍ നല്ലൊരു വ്യക്തിയായത് കൊണ്ട് ചെറുപ്പത്തിന്റെ തിളപ്പില്‍ തനിക്ക് സംഭവിച്ച തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കിയത് കൊണ്ടാണ് താനന്ന് രക്ഷപ്പെട്ടതെന്ന് കോഹ്‍ലി പറഞ്ഞു.