ന്യൂബോള്‍ ദൗത്യം മികവോടെ പൂര്‍ത്തിയാക്കിയ വാഷിംഗ്ടണ്‍ സുന്ദറിനെ പ്രശംസിച്ച് കോഹ്‍ലി

Sports Correspondent

ഇന്ത്യയ്ക്ക് വേണ്ടി വിന്‍ഡീസിനെതിരെ ടി20 മത്സരത്തില്‍ ന്യൂബോള്‍ ദൗത്യം ഏറ്റെടുത്തത് വാഷിംഗ്ടണ്‍ സുന്ദര്‍ ആയിരുന്നു. താരം തന്റെ മൂന്നോവറില്‍ വെറും 12 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. അതും പിഞ്ച് ഹിറ്റര്‍ ആയി ഇറങ്ങിയ സുനില്‍ നരൈനെ നിര്‍ത്തി ഒരു മെയ്ഡന്‍ ഓവറും സുന്ദര്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് നരൈന്റെ വിക്കറ്റും തന്റെ രണ്ടാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നേടി.

ഏറെ കാലം പരിക്ക് മൂലം ടീമിന് പുറത്തായിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം ഇരു മത്സരങ്ങളിലും ന്യൂബോള്‍ കൊണ്ട് ശക്തമായ പ്രഭാവമാണ് സൃഷ്ടിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ പ്രശംസനീയമായ പ്രകടനമാണ് പുറത്തെടുത്തതെന്ന് കോഹ‍്‍ലി പ്രത്യേകം സൂചിപ്പിച്ചു. വിന്‍ഡീസ് മുന്‍ നിരയില്‍ കടന്നാക്രമിക്കുവാന്‍ ശേഷിയുള്ള താരങ്ങള്‍ക്കെതിരെയാണ് ന്യൂ ബോളില്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനമെന്നതും ശ്രദ്ധേയമാണെന്ന് കോഹ്‍ലി വ്യക്തമാക്കി.

താരം കൂടുതല്‍ ഫിറ്റ് ആയിട്ടുണ്ടെന്നും ബാറ്റ് കൊണ്ടും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ശേഷിയുള്ള താരമായതിനാല്‍ തന്നെ ഇന്ത്യയുടെ ഭാവിയിലെ നിര്‍ണ്ണായക താരമായി മാറുമെന്നും കോഹ്‍ലി വ്യക്തമാക്കി.